അമ്പലവയൽ: ലോട്ടറി ടിക്കറ്റ് കൈവശമുണ്ടെങ്കിൽ തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ പിടിവീഴും. കേരളത്തിലെ ലോട്ടറിയുമായി എത്തുന്നവരെയാണ് തമിഴ്നാട് പൊലീസ് ചെക്ക് പോസ്റ്റിൽ പിടികൂടുന്നത്. ഇന്നലെ ചോലാടി ചെക്ക് പോസ്റ്റിലൂടെ ജില്ലയിൽ നിന്നുള്ള സംഘം യാത്ര ചെയ്തപ്പോഴാണ് ലോട്ടറി ടിക്കറ്റുള്ളതിനാൽ അറസ്റ്റ് ചെയ്യുമെന്നും സിവിൽ കേസ് എടുക്കുമെന്നും തമിഴ്നാട് പൊലീസ് അറിയിച്ചത്.
പതിവായുള്ള വാഹന പരിശോധനയ്ക്കിടെ വാഹനത്തിലുണ്ടായിരുന്നവരിൽ മൂന്ന് ലോട്ടറി ടിക്കറ്റുകൾ പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ ലോട്ടറി ടിക്കറ്റുകൾ അനുവദിച്ചിട്ടില്ലെന്നും അതിനാൽ ഇവ കയ്യിൽ വയ്ക്കാൻ പറ്റില്ലെന്നുമാണ് തമിഴ്നാട് പൊലീസിന്റെ വാദം. പിഴയടയ്ക്കാതെ വിടണമെങ്കിൽ പൊലീസിന്റെ മുൻപിൽ വച്ച് ലോട്ടറി ടിക്കറ്റുകൾ കീറിക്കളയണമെന്നും ആവശ്യപ്പെട്ടു. യാത്ര സംഘവുമായി ഏറെ നേരത്തെ വാക്ക് തർക്കത്തിനൊടുവിൽ 300 രൂപ പിഴയും ലോട്ടറി ടിക്കറ്റുകളും വാങ്ങിവച്ചാണ് ഇവരെ തുടർ യാത്ര ചെയ്യാൻ അനുവദിച്ചത്. ഒരു ടിക്കറ്റിന് 100 രൂപ വീതമാണ് പിഴയിട്ടത്.