ജിഎസ്ടി നിരക്കിൽ ഇളവുകൾ വരുത്തുന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി വാഹന ലോകത്ത്. ചെറിയ കാറുകളുടെ ജിഎസ്ടി നിരക്ക് 28 മുതൽ 18 ശതമാനം വരെ കുറയും. ദീപാവലിയോടെയാണ് ഈ മാറ്റങ്ങൾ നിലവിൽ വരിക. ഇത് വാഹന മേഖലയ്ക്ക് വലിയ ഗുണങ്ങളാണ് നൽകാൻ പോകുന്നത്. ഈ ജിഎസ്ടി നിരക്കിലെ കുറവ് പുതിയ കാറുകൾ വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക ലാഭവും നൽകുമെന്ന് തീർച്ച. എങ്കിലും പുതിയ പ്രഖ്യാപനങ്ങളിൽ നിരവധി സംശയങ്ങളും ഉപഭോക്താവിന് ഉണ്ടാകും. ഒരു ഉപഭോക്താവെന്ന നിലയിൽ ഓൺ-റോഡ് വിലയിൽ നിങ്ങൾക്ക് എത്രത്തോളം ലാഭം ലഭിക്കും, നിങ്ങളുടെ ഇഎംഐ നിരക്കിൽ എന്ത് മാറ്റമാണുണ്ടാകുക? തുടങ്ങി പലവിധ സംശയങ്ങൾ ഉണ്ടാകും.
ജിഎസ്ടി നിരക്ക് കുറയുന്നതോടെ ചില മോഡലുകളിൽ തന്നെ ആ മാറ്റം കാണാൻ കഴിയും. പാസഞ്ചർ കാറുകളിൽ ജനപ്രിയ മോഡലുകളുടെ ജിഎസ്ടി നിരക്കുകളിലെ കുറവ് എങ്ങനെയാണെന്ന് നോക്കാം.
വാഗൺ ആർ, ബലേനോ, ഡിസയർ എന്നിവ 29 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും. ബൊലേറോ നിയോ 31 ൽ നിന്ന് 18 ശതമാനമായും സെൽറ്റോസ്, ക്രെറ്റ എന്നിവ 45 ൽ നിന്നും 40 ശതമാനമായും എക്സ് യുവി 700 – 48 ൽ നിന്നും 40 ശതമാനമായി നികുതി കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എസ്യുവികളുടെ കാര്യത്തിൽ നികുതി നിരക്ക് 45 ൽ നിന്നും 40 ശതമാനമായി കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ ഇത് മാരുതി സുസുക്കി ബ്രെസ, ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്സ് യു വി 700 തുടങ്ങിയ മോഡലുകളുടെ വില കുറയ്ക്കാൻ സാഹായിക്കും. ചെറിയ കാറുകളുടെ എക്സ് ഷോറൂം വില 12 മുതൽ 12.5 ശതമാനം വരെ കുറയാനാണ് സാധ്യത.
ജിഎസ്ടി നിരക്ക് കുറയുന്നതു വഴി വിലയിൽ എന്ത് മാറ്റമാണ് വരുന്നത്?
വാഗൺആർ, ബലേനോ, ഡിസയർ തുടങ്ങി ചെറിയ കാറുകളുടെ വില ഏകദേശം 60,000-80,000 രൂപ വരെ കുറയും.
എന്നാൽ എസ്യുവികളുടെ കാര്യത്തിൽ സെസ് നിരക്കുകൾ വരുമ്പോൾ കൂടുതൽ വ്യത്യാസം ഉണ്ടാകാനാണ് സാധ്യത. ജനപ്രിയ ഹാച്ച്ബാക്കുകളുടെയും കോംപാക്ട് എസ്യുവികളുടെയും ഓൺ-റോഡ് വിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് സൂചന. എന്നാൽ അന്തിമവില ഓരോ സംസ്ഥാനത്തെയും സംബന്ധിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഈ ജിഎസ്ടി നിരക്ക് കുറയുന്നതോട ഒരാൾക്ക് 60,000-1.3 ലക്ഷം രൂപ വരെ ലാഭിക്കാമെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല മാരുതി സുസുക്കി ബ്രെസയ്ക്ക് ഏകദേശം 40,000 രൂപയോളം വില കുറയാനും മഹീന്ദ്ര എക്സ് യു വി 700-നാകട്ടെ 1.1 ലക്ഷം രൂപയുടെ വലിയ കുറവും ഉണ്ടാകാനാണ് സാധ്യത.
ഇഎംഐ
വിലയും ജിഎസ്ടിയും കുറയുന്നത് കാർ സ്വന്തമാക്കുന്നത് കുറച്ചുകൂടി എളുപ്പമാക്കും. കാർ ലോണിന്റെ പലിശയ്ക്ക് ജിഎസ്ടി ബാധകമല്ല. എങ്കിലും വാഹനത്തിന്റെ വില കുറയുമ്പോൾ വായ്പ എടുക്കുന്ന തുകയും കുറയും. ഇത് EMI കുറയ്ക്കും. അപ്പോൾ കാർ വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സ്വന്തമാക്കാം. കാറുകളുടെ വിലയിൽ കുറവ് വന്നതിനാൽ, ചെറിയ കാറുകളിൽ, ഡിസയറിന്റെ ഇഎംഐ നിലവിലെ 15,519 രൂപയിൽ നിന്ന് 14,195 രൂപയായി കുറയുകയും വാഗൺആറിന്റെയും ബലേനോയുടെയും ഇഎംഐ നിരക്ക് 1,000-1,200 രൂപയായി കുറയുകയും ചെയ്യും.
എന്നാലും ചിലർ ചിന്തിക്കുന്നുണ്ടാകാം നികുതി കുറയ്ക്കുന്നതു കൊണ്ട് ഗവൺമെന്റിന് എങ്ങനെ ലാഭം കിട്ടുമെന്ന്? ഇങ്ങനെ നികുതി കുറയ്ക്കുന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ വരുമാന നഷ്ടമുണ്ടാക്കും. ഇത് പ്രതിവർഷം 1.1 ലക്ഷം കോടി രൂപ വരെയാകുമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കുറഞ്ഞ നികുതി നിരക്കിൽ നിന്നുള്ള നഷ്ടം ഉയർന്ന വിൽപ്പന വഴി നികത്തുമെന്ന സാമ്പത്തിക തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ ആശയം. വിലയും ജിഎസ്ടിയും കുറയുന്നതോടെ കൂടുതൽ ആളുകൾ എന്തായാലും പുതിയ വാഹനങ്ങൾ വാങ്ങാൻ തയാറാകുമെന്ന് തീർച്ച.
ഹൈബ്രിഡ് കാറുകൾക്കും വൈദ്യുത കാറുകൾക്കും ഇത് ബാധകമല്ല. പക്ഷേ ജിഎസ്ടി കുറയ്ക്കുന്നത് വൈദ്യുത കാറുകളുടെ സ്വീകാര്യതയെ ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. പെട്രോൾ, ഡീസൽ കാറുകൾക്ക് 28-50 ശതമാനം ജിഎസ്ടി ഉള്ളപ്പോൾ, ഇവികൾക്ക് 5 ശതമാനം മാത്രമാണ്. ഈ വലിയ നികുതി വ്യത്യാസം ഇവികളുടെ വളർച്ചയ്ക്ക് ഒരു പ്രധാന കാരണമായിരുന്നു. ഇനി എല്ലാം മാറിമറിയാനാണ് സാധ്യത.