കാറുകളുമായി ആളുകള്‍ക്ക് വേഗത്തില്‍ നാട്ടിലെത്താന്‍ സഹായിക്കുന്ന റോ-റോ ട്രെയിന്‍ സര്‍വീസിന് കൊങ്കണ്‍ റെയില്‍വേ തുടക്കം കുറിച്ചു. രാജ്യത്തെ ആദ്യ കാർ റോ-റോ ട്രെയിന്‍ സര്‍വീസാണിത്. റായ്ഗഡ് ജില്ലയിലെ കൊളാഡ് സ്റ്റേഷനില്‍ നിന്നാണ് അഞ്ച് കാറും 19 യാത്രക്കാരുമായി 10 വാഗണുകളും രണ്ട് പാസഞ്ചര്‍ കോച്ചുകളുമുള്ള രാജ്യത്തെ ആദ്യ റോ-റോ കാര്‍ ട്രെയിന്‍ പുറപ്പെട്ടത്. ഗോവയിലേക്കായിരുന്നു യാത്ര.
1999-ല്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ റെയില്‍വേ റോ-റോ സര്‍വീസ് ആരംഭിച്ചിരുന്നു. സ്വകാര്യ കാറുകള്‍ക്കായി സേവനം തുടങ്ങുന്നത് ഇതാദ്യമായാണ്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 11 വരെ പ്രത്യേക സര്‍വീസ് നടത്താനാണ് റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. പ്രത്യേകം രൂപകല്പന ചെയ്ത റേക്കിന് ഒരു യാത്രയില്‍ 40 കാറുകള്‍ കയറ്റാം. 20 വാഗണുകളില്‍ ഓരോന്നിലും രണ്ട് കാറുകള്‍ കയറ്റാം.കൊളാഡില് നിന്ന് വെര്ണയിലേക്കുള്ള യാത്രയ്ക്ക് ഒരു കാറിന് 7,875 രൂപയും കൊളാഡിനും നന്ദ്ഗാവിനും ഇടയിലുള്ള യാത്രയ്ക്ക് 5,460 രൂപയും നല്‍കേണ്ടിവരും. ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച ഈ ‘കാര്‍-റെയില്‍ യാത്ര’ ഭാവിയില്‍ കൂടുതല്‍ ജനപ്രിയമാകുമെന്നും കൊങ്കണ്‍ റെയില്‍വേ പ്രതിനിധികള്‍ വ്യക്തമാക്കി.