ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ ഐപിഎല്ലില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍

news image
Aug 27, 2025, 7:39 am GMT+0000 payyolionline.in

ചെന്നൈ: ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന്‍ വിടവാങ്ങല്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അരങ്ങേറിയ അശ്വിന്‍ ചെന്നൈ കുപ്പായത്തില്‍ തന്നെ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചശേഷമാണ് കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണില്‍ ചെന്നൈ കുപ്പായത്തില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ ഏഴ് വിക്കറ്റുകളാണ് നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ 41 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. അടുത്ത സീസണ് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ട്രേഡിലൂടെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിച്ചപ്പോള്‍ പകരം അശ്വിനെ വിട്ടുനല്‍കാമെന്ന് ചെന്നൈ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ടീമിലെ തന്‍റെ റോള്‍ സംബന്ധിച്ച് വ്യക്തതവേണമെന്ന് അശ്വിന്‍ ചെന്നൈ ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ് അടക്കമുള്ള വിദേശ ലീഗുകളില്‍ കളിക്കാനായിരിക്കും ഇനി അശ്വിന്‍ ശ്രമിക്കുക എന്നും സൂചനയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe