പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാത്ത എന്നാല്‍ ജീവന് വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ് കൊളസ്‌ട്രോള്‍. രണ്ടിനം കൊളസ്‌ട്രോളാണ് ഉള്ളത് ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും കാരണം ഇന്ന് നമുക്കു ചുറ്റമുള്ള ഭൂരിഭാഗം പേരിലും കൊളസ്‌ട്രോള്‍ കൂടുതലാണ്.
ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതില്‍ പ്രധാനിയാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിനെ ആരോഗ്യകരമായ പരിധിയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്ന് നോക്കാം.
ചിയ വിത്തുകള്‍ , പയര്‍വര്‍ഗങ്ങള്‍, ഓട്സ്, ഫ്‌ലാക്‌സ് വിത്തുകള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണം നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. ദിവസവും 5-10 ഗ്രാം ലയിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഒരു പരിധിവരെ പുറംന്തള്ളാന്‍ സഹായിക്കും
പച്ചക്കറികള്‍,പഴങ്ങള്‍, നട്‌സ് ,വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ പ്രകൃതിദത്ത സംയുക്തങ്ങളായ പ്ലാന്റ് സ്റ്റിറോളുകളും സ്റ്റാനോളുകളും അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോളിന്റെ ആഗിരണം തടയാന്‍ സഹായിക്കുന്നു.
സംസ്‌കരിച്ച ലഘുഭക്ഷണങ്ങളിലും വറുത്ത ഭക്ഷണങ്ങളിലും ട്രാന്‍സ് ഫാറ്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനിടയാക്കുന്നു. അതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്നും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാവുന്നതാണ്.പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയില്‍, അവോക്കാഡോ, വാള്‍നട്ട്, കൊഴുപ്പുള്ള മത്സ്യങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്. ഇവയില്‍ ഒമേഗ-3 ധാരാളമായി അടങ്ങിയത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായകമാകുന്നു.
കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താന്‍ നല്ല വ്യായാമം എന്നും ചെയ്യുക. ഇതിനായി ജിമ്മില്‍ പോകേണ്ടതില്ല. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് നേരം വേഗത്തില്‍ നടക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. വ്യായാമം ചെയ്യുന്നതു വഴി ചീത്ത കൊളസ്‌ട്രോളിനെ രക്തത്തില്‍ നിന്നും കരളിലേക്ക് മാറ്റി അവിലെ വെച്ച് സംസ്‌കരിച്ച് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പഞ്ചസാരയുടെ ഉപയോഗം കുറക്കുക എന്നതാണ് മറ്റൊന്ന്. നമ്മുടെ കലോറിയുടെ 25 ശതമാനത്തില്‍ കൂടുതല്‍ പഞ്ചസാരയില്‍ നിന്നും ലഭിക്കുന്നവര്‍ക്കിടയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.