പാകം ചെയ്യാനുള്ള എളുപ്പവും സമയലാഭവും കാരണം പലരുടെയും ഇഷ്ടഭക്ഷണമാണ് ന്യൂഡില്‍സ്. പല രീതിയില്‍ ന്യൂഡില്‍സ് ആളുകള്‍ പാകം ചെയ്ത് കഴിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് പാകം ചെയ്യാത്ത ന്യൂഡില്‍സും സ്‌നാക് പോലെ കഴിക്കാന്‍ ഇഷ്ടമാണ്. അത്തരത്തില്‍ പാകം ചെയ്യാത്ത ന്യൂഡില്‍സ് കഴിച്ച് 13 വയസുള്ള ബാലന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഓഗസ്റ്റ് 25 നാണ് സംഭവം നടന്നത്. ന്യൂഡില്‍സ് കഴിച്ചതിന് ശേഷം കുട്ടിക്ക് കുടലില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മൂന്ന് പാക്കറ്റ് അസംസ്‌കൃത ഇന്‍സ്റ്റന്റ്‌റ് ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നാണ് മരണം ഉണ്ടായത്.
എന്താണ് സംഭവിച്ചത് ?
കെയ്‌റോയില്‍ എല്‍-മാര്‍ഗ് ജില്ലയിലാണ് സംഭവം. 13 വയസ്സുള്ള ഒരു കുട്ടി സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പിന്തുടരാന്‍ വേണ്ടി മൂന്ന് ന്യൂഡില്‍സ് പാക്കറ്റുകളാണ് പൊട്ടിച്ച് കഴിച്ചത്. ഈറ്റ് റാമന്‍ റോ എന്ന ചലഞ്ചാണ് കുട്ടി പിന്തുടരാന്‍ ശ്രമിച്ചത്. എന്നാല്‍ 30 മിനിറ്റിനുള്ളില്‍ വയറുവേദന, ഛര്‍ദ്ദി, അമിതമായ വിയര്‍പ്പ് എന്നീ ലക്ഷണങ്ങള്‍ കുട്ടി കാണിക്കാന്‍ തുടങ്ങുകയും അധികം വൈകാതെ കുട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
കുട്ടി കഴിച്ച ന്യൂഡില്‍സിന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ പരിശോധിച്ച് സ്റ്റോക്ക് സാമ്പിള്‍ ചെയ്‌തെങ്കിലും കേടായ പാക്കറ്റുകളോ മോശം സംഭരണമോ ഒന്നും കണ്ടെത്തിയില്ല. പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് പ്രകാരം വലിയ അളവില്‍ വേവിക്കാത്ത നൂഡില്‍സ് ഒരേസമയം കഴിച്ചതുമൂലം കുട്ടിക്ക് കുടല്‍ സംബന്ധമായ അസുഖം, ഒരുപക്ഷേ ദഹനനാളത്തിലെ തടസ്സം എന്നിവ ഉണ്ടായതായി കണ്ടെത്തി.
പാകം ചെയ്യാത്ത ന്യൂഡിൽസ് കഴിക്കുന്നത് അപകടകരമാകുന്നത് എന്തുകൊണ്ട്?
വലിയ അളവില്‍ അസംസ്‌കൃത ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്നത് ദോഷകരമാണ്. അവ കഴിച്ചതിനുശേഷം വയർ വീര്‍ക്കുകയും, കുടലിന് തടസ്സങ്ങള്‍, നിര്‍ജ്ജലീകരണം, അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ കടുത്ത വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
‘പാചകം ചെയ്തതിനുശേഷം കഴിക്കുന്നതിനാണ് ഇന്‍സ്റ്റന്റ് നൂഡില്‍സ് പ്രോസസ്സ് ചെയ്യുന്നത്. ‘വലിയ അളവില്‍ ഇവ പച്ചയായി കഴിക്കുന്നത് കുടലില്‍ ആയാസം വരുത്തുകയും സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും,’ പോഷകാഹാര വിദഗ്ധന്‍ ഡോ. രുചി ഗുപ്ത മൈ പൂനെ പള്‍സില്‍ പറഞ്ഞു. സുഗന്ധവ്യഞ്ജന എണ്ണകളും പൊടികളും ദഹനനാളത്തെ പ്രകോപിപ്പിക്കുമെന്നും വലിയ അളവില്‍ കഴിച്ചാല്‍ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
വൈറലായ ഈറ്റ് റാമെന്‍ റോ ചലഞ്ച്
സോഷ്യല്‍ മീഡിയയിലെ ‘ഈറ്റ് റാമെന്‍ റോ’ ട്രെന്‍ഡുമായി ഈ സംഭവത്തിന് ബന്ധമുണ്ട്, ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് കാഴ്ചകള്‍ ഈ ചാലഞ്ചിന് ഇതിനോടകം ലഭിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നവർ നൂഡില്‍സ് പച്ചയ്ക്ക് കഴിക്കണം. പലപ്പോഴും നിരുപദ്രവകരമായ ഒരു വിനോദമായി അവതരിപ്പിക്കപ്പെടുമ്പോഴും കൗമാരക്കാര്‍ക്കിടയില്‍, ഇത്തരം വീഡിയോകള്‍ സുരക്ഷിതമല്ലാത്ത ഭക്ഷണരീതികളെ വഴിവെക്കുമെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍ ജീവന്‍ അപഹരിക്കുന്നത് ഇതാദ്യമല്ല. ബ്ലാക്ക്ഔട്ട്/ചോക്കിംഗ് ചലഞ്ച്, ടൈഡ് പോഡ് ചലഞ്ച്, ബെനാഡ്രില്‍ ചലഞ്ച് എന്നിവ ഇതിന് സമാനമായ ചില ഉദാഹരണങ്ങളാണ്.