മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നൽകിയത്.
ഗ്രാമപഞ്ചായത്തിൽ 1,200 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന നിലയിൽ സ്ഥാപിക്കാനാണ് നിർദേശം. നേരത്തെ 1,300 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന നിലയിലാണ് തീരുമാനിച്ചിരുന്നത്. നഗരസഭകളിലും കോർപറേഷനുകളിലും 1,500 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന നിലയിലാണ് ഒരുക്കുക.
നിലവിൽ 1,600 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് സജ്ജീകരിച്ചത്. ഒരു വാർഡിന് വേണ്ടി ഒരേ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ഒന്നിലധികം ബൂത്തുകളിൽ ആകെ വോട്ടർമാർ 1,200നും 1,500നും താഴെ മാത്രമെങ്കിൽ ഇത്തരം ബൂത്തുകൾ കൂട്ടിച്ചേർത്ത് ഒരു പോളിങ് സ്റ്റേഷനായി മാറ്റുകയും ചെയ്യും.
പുതിയ പോളിങ് ബൂത്തുകൾ കണ്ടെത്തുന്നതിനും നിലവിലുള്ളവയിൽ മാറ്റംവരുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിക്കും. തുടർന്ന് തീരുമാനം യോഗത്തിന്റെ മിനുട്സ് സഹിതം സെക്രട്ടറിമാർ ഈ മാസം 15കം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും.പോളിങ് സ്റ്റേഷന്റെ പേരിൽ മാറ്റംവരുത്താനും 15നകം സെക്രട്ടറിമാർ പ്രൊപ്പോസൽ നൽകണം.
പുതിയ നിർദേശങ്ങൾ 17നകം ജില്ലകളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകണം.തുടർന്ന് പോളിങ് ബൂത്തുകൾ അന്തിമമാക്കും.