കാസർകോട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി, ​ഗുരുതരപരിക്കേറ്റ ഭാര്യ ആശുപത്രിയിൽ

news image
Sep 12, 2025, 12:01 pm GMT+0000 payyolionline.in

കാസർകോട്: കാസർകോട് കുറ്റിക്കോലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ സുരേഷ് എന്ന സുരേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കോൽ, പയന്തങ്ങാനത്താണ് ഭാര്യയെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചത്. കുറ്റിക്കോൽ ടൗണിലെ ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ സുരേഷ് എന്ന കെ. സുരേന്ദ്രനാണ് ജീവനൊടുക്കിയത്. കുത്തേറ്റ ഭാര്യ സിനി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.

കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ടു മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് ഭാര്യയെ കുത്തിയത്. പരിക്കേറ്റ സിനി ഓടി അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ സിനിയെ ആശുപതിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe