കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പിടികൂടി പൊലീസ്. കണ്ണാടിപ്പാറ മുത്തപ്പൻ മടപ്പുരക്ക് സമീപത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് ചെറുവത്തൂർ ഭാഗത്തേക്ക് നിർത്താതെ പോവുകയായിരുന്നു. ചെറുവത്തൂർ കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോട് കൂടിയാണ് ബൈക്ക് യാത്രക്കാരനെ ചെറുവത്തൂർ ഭാഗത്ത് നിന്നെത്തിയ ജീപ്പ് ഇടിച്ചിട്ട് നിർത്താതെ പോയത്. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ബാലകൃഷ്ണനെയാണ് അമിതവേഗതയിൽ എത്തിയ ജീപ്പ് ഇടിച്ചിട്ടത്.
ചീമേനി ഭാഗത്തു നിന്നുമെത്തിയ ജീപ്പ് ചെറുവത്തൂർ ഭാഗത്ത് നിന്ന് വരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ ചെറുവത്തൂർ ബസ് സ്റ്റാൻഡിലൂടെ കടന്നു പോയ ജീപ്പിനെ പറ്റി ഹോംഗാർഡ് വിവരമറിച്ചതിനെ തുടർന്ന് ഹൈവേ പൊലീസ് പിടികൂടുകയായിരുന്നു. പിഴ ചുമത്തി വാഹനം വിടാനിരിക്കുമ്പോഴാണ് അപകടമുണ്ടാക്കി നിർത്താതെ വന്ന ജീപ്പാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് വിവരം നൽകിയത്. ജീപ്പിൽ 5 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചു വിദ്യാർത്ഥികളെയും ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലിലാണ് അപകടമുണ്ടാക്കിയ വാഹനം പിടികൂടിയത്.