മുംബൈ: മകളുടെ കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്ന് 10 ലക്ഷത്തിന്റെ സ്വർണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. ഓഗസ്റ്റ് നാലിനാണ് ദിൻദോഷ് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ഭർത്താവ് രമേഷ് സ്വർണം മോഷണം പോയതായി പരാതി നൽകിയത്. പരാതി ലഭിച്ചതിൽ അന്വേഷണം നടത്താൽ പൊലീസ് സംഘം പരാതിക്കാരന്റെ വീട്ടിലെത്തിയത്. മാല കാണാതായെന്ന് ഭാര്യ ഊർമിള തന്നെയായിരുന്നു രമേഷിനെ അറിയിച്ചത്. എന്നാൽ വീട് സൂക്ഷ്മമായി പരിശോധിച്ച പൊലീസിന് വീടിനുള്ളിലേക്ക് ആരും അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനാൽ തന്നെ വീട്ടിലുള്ളവരുടെ സഹായത്താലാണ് മോഷണം നടന്നതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ഇത് പുറത്ത് പറയാതെ അന്വേഷണം തുടരുകയായിരുന്നു.
വീട്ടുകാരേയും വീട്ടിലെ അടുക്കള ജോലിക്കാരേയും ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് ഫോൺ വിവരങ്ങൾ പരിശോധിച്ചതോടെയാണ് സംശയം വീട്ടുകാരി ഊർമിളയ്ക്ക് നേരെ തിരിഞ്ഞത്. അടുത്തിടെയായി ഊർമിള വളരെ അധികമായി ഒരു യുവാവിനോട് സംസാരിക്കുന്നത് പൊലീസ് കോൾ വിവരങ്ങൾ പരിശോധിച്ചതിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് പൊലീസിന് ഇവർക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം തോന്നിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവർ ഒളിച്ചോടാനുള്ള പരിപാടിയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. പരാതിക്കാരന്റെ ഭാര്യയായ ഊർമിള ഒളിച്ചോടാൻ പദ്ധതിയിട്ട ആളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസും വീട്ടുകാരും അമ്പരന്നത്. ഊർമിളയുടെ മകളുടെ കാമുകനൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയിലായിരുന്നു യുവതി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഊർമിള തന്നെയാണ് ആഭരണങ്ങൾ നൽകിയിരുന്നതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
ഒളിച്ചോടിയ ശേഷം ജീവിക്കാനുള്ള പണം കണ്ടെത്തൽ ലക്ഷ്യമിട്ടായിരുന്നു സ്വന്തം വീട്ടിൽ നിന്നുള്ള മോഷണം. ഇവർ മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് മുബൈയിലെ ഒരു ജ്വല്ലറിയിൽ വിറ്റിരുന്നു. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 28ന് അറസ്റ്റിലായ സ്ത്രീ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇവർ ഒളിച്ചോടാനിരുന്ന മകളുടെ കാമുകനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും പൊലീസ് ആഭരണം കണ്ടെത്തിയിട്ടുണ്ട്