തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പൂട്ടിയത്. ഇന്നലെയാണ് 17കാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾക്ക് കൂടി രോഗമുക്തി. കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്. വികസിത രാജ്യങ്ങൾ പോലും അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധത്തിൽ പരാജയപ്പെടുമ്പോൾ, കേരളം മാതൃകയാവുകയാണ്.
കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ചത്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് ഗുരുതരമായി രോഗം ബാധിച്ച ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നിലവിൽ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം മലപ്പുറം ചേലമ്പ്ര രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ മാസം മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പ് കാര്യക്ഷമമായി പരിശോധന നടത്തുന്നതുകൊണ്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.