പയ്യോളി: ദേശീയപാത നിർമ്മാണം മൂന്നുവർഷം പിന്നിടുമ്പോഴും പയ്യോളിയിലെ യാത്രാദുരിതത്തിന് ശമനമില്ല. മഴക്കാലത്ത് കുഴികൾ രൂപപ്പെടുന്നതും വാഹനങ്ങൾ മറിയുന്നതും യാത്രക്കാർ അപകടത്തിൽപ്പെടുന്നതും ആണ് ദുരിതമെങ്കിൽ മഴ മാറിയാൽ കനത്ത പൊടി ശല്യമാണ് ടൗണിൽ ആകെ ഉള്ളത്.

പയ്യോളി ടൗണിലെ ജംഗ്ഷൻ മാസങ്ങൾക്ക് ശേഷം ഗതാഗത്തിന് തുറന്നു കൊടുത്തപ്പോൾ ഉണ്ടായ പൊടി ശല്യം.
മാസ്ക് ധരിക്കാതെ പയ്യോളിയിലൂടെയുള്ള യാത്ര അങ്ങേയറ്റം ബുദ്ധിമുട്ട് ആവുകയാണ്. വ്യാപാരികളും ഓട്ടോ തൊഴിലാളികളും ഉൾപ്പെടെയുള്ള ടൗണിൽ നിരന്തരം ഉണ്ടാവുന്നവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വന്നു തുടങ്ങി. മഴയത്ത് കുഴിയടക്കാൻ വേണ്ടി പാറപ്പൊടി ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമായി മാറുന്നത്. മഴ മാറിക്കഴിഞ്ഞാൽ ഇതിലുള്ള ചീളുകൾ ഉൾപ്പെടെയുള്ളവ പൊടിക്കൊപ്പം ശ്വാസകോശത്തിൽ വരെ എത്തുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇതിന് പരിഹാരം കാണാനായി കരാർ കമ്പനി ലോറിയിൽ വെള്ളം എത്തിച്ച നനയ്ക്കുന്ന ജോലി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈകുന്നേരം ആണ് പയ്യോളി ടൗണിലെ ബാരിക്കേടഡുകൾ നീക്കി ജംക്ഷൻ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. നാലു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വഴി തുറന്നു കൊടുത്തപ്പോൾ ടാറിങ് ചെയ്യാത്തതാണ് രൂക്ഷമായ പൊടി ശല്യത്തിന് കാരണമായി പറയുന്നത്.

പയ്യോളി ടൗണിന്റ വടക്കു ഭാഗത്തുള്ള സർവീസ് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം അടച്ച നിലയിൽ
നിലവിൽ നിർമ്മിച്ചിരിക്കുന്ന മേൽപ്പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള കിഴക്കും പടിഞ്ഞാറും ഭാഗത്തെ സർവീസ് റോഡ് ബന്ധിപ്പിക്കുന്ന ഭാഗം ഇന്നുമുതൽ അടച്ചിട്ടുണ്ട്. ഇതോടെ മുഴുവൻ വാഹനങ്ങളും ജംഗ്ഷനിലൂടെ കടന്നു പോകുമ്പോൾ കൂടുതൽ പൊടി ശല്യമാണ് ഉണ്ടാവുക. ജംഗ്ഷൻ തുറന്നു കൊടുത്തതിനുശേഷം പൊടി ശല്യം കുറയ്ക്കാനായി ഒരു തവണ പോലും കരാർ കമ്പനി ഈ ഭാഗം നനച്ചിട്ടില്ലെന്ന് സമീപത്തെ വ്യാപാരിയായ ‘ഐശ്വര്യ ഹോം നീഡ്‌സ്’ ഉടമ സതീശൻ പറയുന്നു. ഇക്കാര്യത്തിൽ നഗരസഭ ഇടപെടാതെ മാറി നിൽക്കുന്നതും രൂക്ഷമായ വിമർശനം ഉയർത്തുന്നുണ്ട്.