ന്യൂഡൽഹി : പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ഓഫാക്കിവെക്കുന്നതിന് പരിഹാരംതേടി സുപ്രീംകോടതി. മനുഷ്യ ഇടപെടലില്ലാതെ കൺട്രോൾ റൂമുകൾ വഴി പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സിസിടിവികൾ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതിനുള്ള സംവിധാനം വികസിപ്പിക്കാൻ ഐഐടികളെ ചുമതലപ്പെടുത്താൻ ആലോചിക്കുന്നതായും കോടതി പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി പ്രവർത്തിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസ് വിധിപറയാൻ മാറ്റിയാണ് ബെഞ്ചിന്റെ പരാമർശമുണ്ടായത്. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പോലീസ് സ്റ്റേഷനുകളിൽ പരിശോധനനടത്തുന്നതും കോടതിയുടെ പരിഗണനയിലുണ്ട്.
പോലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് സിസിടിവി സ്ഥാപിക്കാൻ 2018-ൽ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, കഴിഞ്ഞ ഏഴെട്ടുമാസത്തിനിടെ രാജ്യത്ത് പോലീസ് കസ്റ്റഡിയിൽ 11 പേർ കൊല്ലപ്പെട്ടുവെന്ന മാധ്യമറിപ്പോർട്ട് പരിഗണിച്ചാണ് സ്വമേധയാ കേസെടുത്തത്.