വിമാന യാത്രയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഇരുന്ന് ഇമെയിൽ അയയ്ക്കുകയോ റീൽ കാണുകയോ ചെയ്യാൻ കഴിയുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 35,000 അടി ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിൽ മൊബൈൽ ടവറുകളോ ഫൈബർ കേബിളുകളോ ഇല്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ ലഭിക്കുന്നുവെന്ന സംശയം പലരുടെയും മനസിലുണ്ടാകും. ലോകമെമ്പാടുമുള്ള എയർലൈനുകൾ ഇപ്പോൾ സന്ദേശമയയ്ക്കൽ മുതൽ സ്ട്രീമിംഗ് സേവനങ്ങൾ വരെ വ്യത്യസ്ത തലത്തിലുള്ള ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനങ്ങൾ എങ്ങനെ വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുന്നുവെന്നാണ് ഇനി പറയാൻ പോകുന്നത്.
നൂതന സാങ്കേതികവിദ്യയുടെയും ആഗോള അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെ ഫലമായാണ് വിമാനത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നത്. യാത്രക്കാർക്ക് ഇന്റർനെറ്റ് ആക്സസ് നൽകുന്നതിന് വിമാനങ്ങൾ സാധാരണയായി രണ്ട് പ്രധാന സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
1. എയർ-ടു-ഗ്രൗണ്ട് കണക്റ്റിവിറ്റി
അടുത്തുള്ള ടവറുകളുമായി ബന്ധിപ്പിക്കുന്ന ഒരു മൊബൈൽ ഫോൺ പോലെ ബോഡിക്ക് താഴെ പ്രത്യേക ആന്റിനകൾ ഘടിപ്പിച്ച വിമാനങ്ങൾ രാജ്യത്തുടനീളമുള്ള ടവറുകളുമായി ബന്ധം സ്ഥാപിക്കുന്നു. വിമാനം മുന്നോട്ട് നീങ്ങുമ്പോൾ, ഈ സിസ്റ്റം സ്വയം ടവറുകൾ മാറുകയും കണക്ഷൻ സജീവമായി നിലനിർത്തുകയും ചെയ്യുന്നു. ഈ രീതി കരയിൽ ഫലപ്രദമായി പ്രവർത്തിക്കുമെങ്കിലും വിമാനം സമുദ്രങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ കണക്ടിവിറ്റി നഷ്ടപ്പെടാറുണ്ട്
2. സാറ്റലൈറ്റ് കണക്റ്റിവിറ്റി
അന്താരാഷ്ട്ര, ദീർഘദൂര വിമാന സർവീസുകൾ ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. വിമാനത്തിന്റെ മുകളിലുള്ള ആന്റിന ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുമായി ആശയവിനിമയം നടത്തുന്നു. ഈ ഉപഗ്രഹങ്ങൾ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് സിഗ്നലുകൾ കൈമാറുന്നു. ഇതുവഴി വിമാനം ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. ആഗോളതലത്തിൽ ഈ സംവിധാനം കൂടുതൽ വിശ്വസനീയമാണെങ്കിലും ഇത് വളരെയേറെ ചെലവേറിയ ഒന്ന് കൂടിയാണ്.
3. ഹൈബ്രിഡ് കണക്റ്റിവിറ്റി സിസ്റ്റങ്ങൾ
യാത്രക്കാർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പല എയർലൈനുകളും ഇപ്പോൾ എയർ-ടു-ഗ്രൗണ്ട്, സാറ്റലൈറ്റ് കണക്ടിവിറ്റികളെ സംയോജിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, വിമാനത്തിലെ വൈ-ഫൈയുടെ ഗുണനിലവാരം ഇപ്പോഴും ബാൻഡ്വിഡ്ത്ത്, ലോഗിൻ ചെയ്ത യാത്രക്കാരുടെ എണ്ണം തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഇന്ത്യയിൽ വിമാനത്തിനുള്ളിലെ വൈ-ഫൈയുടെ ഉപയോഗം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഈ വര്ഷം ജനുവരിയിൽ, തിരഞ്ഞെടുത്ത റൂട്ടുകളിൽ വിമാനത്തിനുള്ളിൽ വൈ-ഫൈ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി എയർ ഇന്ത്യ മാറിയിരുന്നു.