ന്യൂയോര്‍ക്ക്: ടിക് ടോകിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക്ക് ആപ്പും, ഡാറ്റയും, അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ കമ്പനികൾക്ക് കൈമാറും. ഏതൊക്കെ കമ്പനികൾക്കാണ് ആപ്പ് ഉടമസ്ഥാവകാശം കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോകിന്‍റെ ഉടമ. അമേരിക്കയിൽ 170 മില്യൺ യൂസർമാരുള്ള ആപ്പാണ് ടിക് ടോക്. വമ്പന്‍ കമ്പനികൾ ടിക് ടോക് വാങ്ങാൻ രംഗത്തുണ്ടെന്ന് മാത്രമാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജെഫ് ബെസോസിന്‍റെ ആമസോണടക്കം ടിക് ടോക് വാങ്ങാൻ രംഗത്തുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ആപ്പിനുള്ള നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി ട്രംപ് നീട്ടി നൽകിയിരിക്കുകയാണ്.