കാര്‍ഷിക ഭൂമി വില്‍ക്കുമ്പോള്‍ ആദായ നികുതിയില്‍ ഇളവ്; അറിയേണ്ടതെല്ലാം

news image
Sep 17, 2025, 11:36 am GMT+0000 payyolionline.in

കാര്‍ഷിക ഭൂമി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി ഇളവ് നേടാന്‍ പുതിയ നികുതി വ്യവസ്ഥ ഉപയോഗിക്കാം. പുതിയ കാര്‍ഷിക ഭൂമി വാങ്ങുന്നതിനായി ഈ തുക ഉപയോഗിക്കുകയാണെങ്കില്‍ ആദായ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാകാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 54ബി പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

എന്താണ് സെക്ഷന്‍ 54ബി?

2024-25 സാമ്പത്തിക വര്‍ഷത്തിലെ (2025-26 അസെസ്‌മെന്റ് വര്‍ഷം) സെക്ഷന്‍ 54ബി പ്രകാരം, കാര്‍ഷിക ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹ്രസ്വകാല, ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. നഗരങ്ങളിലെ കാര്‍ഷിക ഭൂമി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തില്‍ നിന്ന് നികുതി ഇളവ് ലഭിക്കാന്‍ സെക്ഷന്‍ 54ബി സഹായിക്കുന്നു. ഭൂമി വിറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ ആ തുക ഉപയോഗിച്ച് പുതിയ കാര്‍ഷിക ഭൂമി വാങ്ങണം. നിക്ഷേപിച്ച തുകയോ മൂലധന നേട്ടത്തില്‍ നിന്ന് ലഭിച്ച തുകയോ, ഇതില്‍ ഏതാണോ കുറവ്, അതാണ് നികുതി ഇളവായി ലഭിക്കുക. പുതിയ ഭൂമി വാങ്ങാന്‍ ഉപയോഗിക്കാത്ത തുക ക്യാപിറ്റല്‍ ഗെയിന്‍സ് അക്കൗണ്ട് സ്‌കീമില്‍ നിക്ഷേപിച്ചാലും ഇളവ് ലഭിക്കും.

നികുതി ഇളവ് എത്രത്തോളം?

ഭൂമി വില്‍ക്കുന്നതിന് മുന്‍പ് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കണം. ഭൂമിയുടെ ഉടമയോ മാതാപിതാക്കളോ ഹിന്ദു അവിഭക്ത കുടുംബങ്ങളോ ആകട്ടെ, ഈ വ്യവസ്ഥ ബാധകമാണ്. പുതിയ കാര്‍ഷിക ഭൂമി വാങ്ങാന്‍ വില്‍പന തുക ഉപയോഗിച്ചാല്‍ ഇളവ് നേടാം. യഥാര്‍ത്ഥ ഭൂമി വിറ്റ തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഭൂമി വാങ്ങിയിരിക്കണം.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് മൂലധന നേട്ടം ഉപയോഗിച്ച് പുതിയ കാര്‍ഷിക ഭൂമി വാങ്ങിയിട്ടില്ലെങ്കില്‍, ഉപയോഗിക്കാത്ത തുക ക്യാപിറ്റല്‍ ഗെയിന്‍സ് ഡെപ്പോസിറ്റ് അക്കൗണ്ട് സ്‌കീമില്‍ നിക്ഷേപിച്ച് നികുതി ഇളവ് നേടാം. ഈ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഭൂമി വാങ്ങാവുന്നതാണ്.

എപ്പോഴാണ് ഇളവ് നഷ്ടപ്പെടുന്നത്?

താഴെ പറയുന്ന സാഹചര്യങ്ങളില്‍ സെക്ഷന്‍ 54ബി പ്രകാരമുള്ള നികുതി ഇളവ് പൂര്‍ണ്ണമായും നഷ്ടപ്പെടും:

പുതിയ കാര്‍ഷിക ഭൂമി വാങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് വില്‍ക്കുകയാണെങ്കില്‍, സെക്ഷന്‍ 54ബി പ്രകാരം ലഭിച്ച നികുതി ഇളവ്, പുതിയ ഭൂമി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തില്‍ നിന്ന് കുറയ്ക്കും.

ക്യാപിറ്റല്‍ ഗെയിന്‍സ് സ്‌കീം അക്കൗണ്ടില്‍ നിക്ഷേപിച്ച തുക രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കാര്‍ഷിക ഭൂമി വാങ്ങാന്‍ ഉപയോഗിച്ചില്ലെങ്കില്‍, ഉപയോഗിക്കാത്ത തുക ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കുകയും, അതിന് നികുതി നല്‍കേണ്ടിവരികയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe