കണ്ണൂർ സെൻട്രൽ ജയിലിന് ചുറ്റും ഇനി സായുധസേന സുരക്ഷ; ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

news image
Sep 19, 2025, 3:13 am GMT+0000 payyolionline.in

കണ്ണൂർ: കൊടും കുറ്റവാളി​ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു ശേഷവും അടിക്കടിയുണ്ടായ സുരക്ഷാവീഴ്ച കണക്കിലെടുത്ത് കണ്ണൂർ ​സെൻട്രൽ ജയിലിനു ചുറ്റും സായുധ പൊലീസിന്റെ കാവൽ ഏ​ർപ്പെടുത്താൻ ധാരണ.

ഇന്ത്യ റിസർവ് ബറ്റാലിയന്റെ (ഐ.ആർ.ബി) 50ഓളം പേരെ സെൻട്രൽ ജയിലി​ന്റെ ഒന്നര കിലോമീറ്ററോളം ചുറ്റളവിൽ നിയമിക്കാനാണ് തീരുമാനം. ജയിൽവകുപ്പ് മേധാവിയുടെ നിർദേശത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു.

കണ്ണൂർ​ സെൻട്രൽ ജയിലിന്റെ മുൻഭാഗത്ത് വിവിധ ഷിഫ്റ്റുകളിലായി ​തോക്കുധാരികളായ 20ഓളം സായുധ പൊലീസ് നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ റിസർവ് ബറ്റാലിയനിൽനിന്നുള്ളവരാണ് ഇവർ. ഇതിനു പുറമെയാണ് ചുറ്റുമതിൽ മുഴുവൻ നിരീക്ഷിക്കാൻ സായുധസേനയെ വിന്യസിക്കുന്നത്. ഇതിനായി കൂടുതൽ വാച്ച് ടവറുകളും സജ്ജമാക്കും. നിലവിൽ രണ്ട് വാച്ച് ടവറുകളാണുള്ളത്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാവിഷയം വലിയ ചർച്ചയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് നൽകിയ വഴിവിട്ട സ്വാതന്ത്ര്യവും ചർച്ചയായി. ജയിലിനകത്ത് ലഹരിവസ്തുക്കൾ ഉൾപ്പെടെ യഥേഷ്ടം ലഭ്യമാണെന്ന് ഗോവിന്ദച്ചാമിതന്നെ മൊഴി നൽകിയിരുന്നു.

പുറത്തുനിന്ന് ലഹരിവസ്തുക്കൾ, ഫോണുകൾ തുടങ്ങിയവ എറിഞ്ഞുനൽകുന്ന ഏതാനും പേരെ രണ്ടാഴ്ചക്കിടെ പിടികൂടിയിരുന്നു. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് സായുധ സേനയെ ആവശ്യപ്പെട്ട് ജയിൽ വകുപ്പ് മേധാവിക്ക് നിർദേശം സമർപ്പിച്ചതെന്ന് ഉത്തരമേഖല ഡി.ഐ.ജി വി. ജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ജയിലിൽ ഉദ്യോഗസ്ഥരുടെ ഫോൺ ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe