ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തില്‍ സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ്മാരായ അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സിപിഎമ്മിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം, കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തര്‍ക്കം. ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തന് കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഇതിനിടെ, ഈ ഭൂമി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദുവും ബന്ധുവും ചേര്‍ന്ന് വാങ്ങി. ഇന്ദുവാണ് നിലവില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. പോത്തന് കുടുംബം വരുത്തിയ വായ്പ കുടിശ്ശികയ്ക്ക് ആയിരുന്നു ലേലം. എന്നാല്‍, കോടതി നടത്തിയ ലേലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടത്തിയതെന്നും സുതാര്യമല്ലെന്നുമാണ് ഇന്ദുവിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷ്കന്‍ വി ചിദംബരേഷ് വാദിച്ചത്. കോടതി ലേലം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1998 ല്‍ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരില്‍ നിന്നാണ് സിപിഎം 2021 ല്‍ വാങ്ങിയത്. എന്നാല്‍ ആക്കാലത്ത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി സംബന്ധിച്ച തര്‍ക്കം കോടതിയിലാണെന്ന് കാര്യം അറിയിച്ചിരുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷിന് പുറമെ അഭിഭാഷകരായ വിഷ്ണു പി. അരുണ്‍ എന്നിവരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി
സിപിഎമ്മിന് വേണ്ടി ഇന്ന് സീനിയര്‍ അപ്പീഭാഷകരായ വി ഗിരിയും, പി വി ദിനേശും കോടതിയില്‍ ഹാജരായിരുന്നു നേരത്തെ ലേലം അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് ഇരുവരും കോടതിയുടെ ആവശ്യപ്പെട്ടു ഹര്‍ജിക്കാരുടെ ഉദ്ദേശം വേറെയാണെന്നും സീനിയര്‍ അഭിഭാഷകന് വി ഗിരി കോടതിയില്‍ ആരോപിച്ചു. സിപിഎമ്മിന് വേണ്ടി അഭിഭാഷകന് പി എസ് സുധീറും സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായിരുന്നു കേസില്‍ സിപിഎം ഒഴികെ മറ്റൊരു കക്ഷിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടില്ല സിപിഎമ്മിന്റെ മറുപടി ലഭിച്ചാല്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കുമെന്ന് കോടതിവ്യക്തമാക്കി