പഴങ്ങൾ ജൂസ് ആക്കാതെ നേരിട്ട് കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദ്ദേശിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ നാരുകൾ ശരീരത്തിന് ലഭിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുകയും ചെയ്യാം. എന്നാല്‍ ആപ്പിള്‍ പോലെ അസിഡിക് ആയ പഴങ്ങളുടെ ജൂസ്കുടിക്കുമ്പോള് അത് പല്ലിനും ദോഷകരമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
എങ്ങനെയാണ് ആപ്പിള്‍ ജൂസ് പല്ലിനു പണി തരുന്നത്?
ആപ്പിൾ ജൂസ് പല്ലുകൾക്ക് ദോഷകരമാകുന്നത് പ്രധാനമായും അതിലടങ്ങിയിട്ടുള്ള ആസിഡിന്റെയും പഞ്ചസാരയുടെയും അളവ് കാരണമാണ്.
ആപ്പിൾ ജൂസിൽ മാലിക് ആസിഡ് എന്നൊരു ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്, പല്ലിന്റെ ഏറ്റവും പുറമെയുള്ളതും കട്ടിയുള്ളതുമായ പാളിയായ ഇനാമലിനെ ദുർബലമാക്കുന്നു. ഇനാമൽ നശിക്കുമ്പോൾ, പിന്നീട് പല്ലിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനും പോടുകൾ വരാനും കാരണമാകും.
ആപ്പിൾ ജൂസിലെ സ്വാഭാവിക പഞ്ചസാരയാണ് രണ്ടാമത്തെ വില്ലൻ. ജൂസ് കുടിക്കുമ്പോൾ, ഈ പഞ്ചസാര വായിൽ തങ്ങിനിൽക്കും. വായിലുള്ള ബാക്ടീരിയകൾ ഈ പഞ്ചസാരയെ ആഹാരമാക്കി വിഘടിപ്പിക്കുകയും കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആസിഡ് വീണ്ടും
പല്ലിന്റെ ഇനാമലിനെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇങ്ങനെ, പഞ്ചസാരയും ആസിഡും ഒരുമിച്ച് പല്ലിനെ ആക്രമിക്കുമ്പോൾ നാശം ഇരട്ടിയാകുന്നു.
പല്ല് നശിപ്പിക്കാതെ എങ്ങനെ ജൂസ് കുടിക്കാം?
മിതമായ അളവിൽ ആപ്പിൾ ജൂസ് കുടിക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്തും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും സംയുക്തമായി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അമിതമായി ആപ്പിൾ ജൂസ് കുടിക്കുന്നത് പല്ലുകൾക്ക് ദോഷകരമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. മഹ്ദി മുത്താഹർ മുന്നറിയിപ്പ് നൽകുന്നു.
ആപ്പിൾ ജൂസ് കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം
– ഒറ്റയടിക്ക് കുടിക്കുക: ആപ്പിള്‍ ജൂസ് പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക. ഇതുവഴി ആസിഡിന്റെയും മധുരത്തിന്റെയും ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.
– വെള്ളം ചേർത്ത് നേർപ്പിക്കുക: ജൂസ് വെള്ളം ചേർത്ത് നേർപ്പിച്ച് കുടിക്കുക.
– സ്ട്രോ ഉപയോഗിക്കുക: സ്ട്രോ ഉപയോഗിക്കുന്നത് ജൂസ് പല്ലുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കും.
– ഉടനടി വായ കഴുകുക: ജൂസ് കുടിച്ച ഉടൻതന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലിൽ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും.
ആപ്പിൾ ഫ്രിജിൽ വയ്ക്കാമോ?
ഫ്രിജിൽ വയ്ക്കാം, പക്ഷേ ഇങ്ങനെ വെയ്ക്കണംആപ്പിൾ ഫ്രിജിൽ വയ്ക്കാമോ എന്ന ചോദ്യത്തിന് വെയ്ക്കാം എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അങ്ങനെ സൂക്ഷിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. വാങ്ങിച്ച ആപ്പിളുകൾ അതേ കവറിൽ ഫ്രിജിലേയ്ക്ക് വെയ്ക്കാതെ ഓരോന്നുമെടുത്തു കടലാസിൽ പൊതിഞ്ഞതിനു ശേഷം ഒരു ചെറുകൂടയിലാക്കി ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ദിവസങ്ങൾ ആപ്പിൾ കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, പുതുമ നഷ്ടപ്പെടുകയുമില്ല. ഫ്രിജിൽ വെറുതെ സൂക്ഷിക്കുന്ന ആപ്പിൾ കുറഞ്ഞ ഊഷ്മാവിലാകുമ്പോൾ പെട്ടെന്ന് തന്നെ ഉപയോഗശൂന്യമാകാനുള്ള സാധ്യതയുമുണ്ട്.
കൂടുതലെണ്ണമുണ്ടോ വെവ്വേറെ വയ്ക്കണം
വിലകുറവിനു കുറച്ചേറെ ആപ്പിൾ കിട്ടിയാൽ ആരാണ് വാങ്ങാതിരിക്കുക? അങ്ങനെ വാങ്ങി കൊണ്ടുവന്ന ആപ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും ഒരു ചെറിയ പണി തന്നെയാണ്. മുകളിൽ പറഞ്ഞത് പോലെ ഓരോന്നും വെവ്വേറെ ന്യൂസ്പേപ്പറിലോ ക്രാഫ്റ്റ് പേപ്പറിലോ പൊതിഞ്ഞു ഫ്രിജിൽ വെയ്ക്കാം. അങ്ങനെ വെയ്ക്കുമ്പോൾ ഫ്രിജിനുള്ളിലെ ചൂടും ക്രമീകരിക്കണം. മുപ്പതു മുതൽ മുപ്പത്തഞ്ച് ഫാരൻഹീറ്റ് ചൂടാണ് ആപ്പിൾ സൂക്ഷിക്കാൻ വേണ്ടത്. പ്ലാസ്റ്റിക് കവറുകളിൽ വയ്ക്കുമ്പോൾ പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്. അതുകൂടി ഒഴിവാക്കണം.