ജിഎസ്ടി; പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കുറയും, ഹോട്ടലില്‍ വില മാറില്ല

news image
Sep 20, 2025, 10:41 am GMT+0000 payyolionline.in

ജിഎസ്ടി ഒഴിവാക്കിയതോടെ ഹോട്ടലുകളില്‍ പോയി പൊറോട്ടയ്ക്ക് വില കുറഞ്ഞില്ലേ എന്ന് ചോദിക്കണ്ട. നിലവിലുള്ള വില തന്നെ കൊടുക്കേണ്ടിവരും. 18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്ടി തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി ഇല്ലാതാവുമെങ്കിലും അത് പായ്ക്കറ്റിലുള്ളതിന് മാത്രമേ ബാധകമാകുകയുള്ളൂ. അതുകൊണ്ട് പൊറോട്ട പ്രേമികള്‍ അത്ര ആഹ്ലാദിക്കേണ്ട.

വന്‍കിട കമ്പനികള്‍ ഇറക്കുന്ന പായ്ക്കറ്റ് പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഇനി 18 ശതമാനം കുറച്ച് കൊടുത്താല്‍ മതി.

ഉത്പാദന മേഖലയില്‍ 40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള കമ്പനികളേ ജിഎസ്ടിയുടെ പരിധിയില്‍ വരുകയുള്ളൂ. അതുകൊണ്ട് അവരിറക്കുന്ന ഉത്പന്നങ്ങള്‍ക്കേ വിലക്കുറവ് അനുഭവപ്പെടുകയുള്ളൂ എന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. മറ്റുള്ളവര്‍ ജിഎസ്ടി ഇല്ലാതെ തന്നെയാണ് വില്‍പ്പന നടത്തുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് കാലങ്ങളായി അഞ്ച് ശതമാനമാണ് നികുതി.

മലയാളികളുടെ ഏറ്റവും ഇഷ്ടവിഭവമായ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ജിഎസ്ടിയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും ഹോട്ടലില്‍നിന്ന് കഴിച്ചാല്‍ അത് ഹോട്ടല്‍ ഭക്ഷണം എന്ന വിഭാഗത്തിലേ വരുകയുള്ളു. ഹോട്ടലുകളിലെ പാഴ്സല്‍ കൗണ്ടറുകളില്‍നിന്ന് വാങ്ങിയാലും ഇതില്‍ മാറ്റമൊന്നുമില്ല. 12 രൂപ മുതല്‍ 20 രൂപ വരെ മൈദകൊണ്ടുണ്ടാക്കുന്ന പൊറോട്ടയ്ക്ക് പല ഹോട്ടലുകളിലും പല നിരക്കാണ്.

കേരള പൊറോട്ട എന്നും രുചിയിലെ താരമാണ്. ബിരിയാണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോവുന്ന വിഭവമാണ് പൊറോട്ട.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe