കൊച്ചി: അഭിഭാഷകരെയും കക്ഷികളെയും കേസ് വിവരങ്ങൾ വാട്സ്ആപ് മുഖേനയും അറിയിക്കാൻ ഹൈകോടതി നടപടി. ഒക്ടോബർ ആറുമുതൽ ഈ സേവനം നിലവിൽവരും. ഇത് വിവരക്കൈമാറ്റം മാത്രമാണെന്നും കോടതി നോട്ടീസുകൾക്കോ സമൻസുകൾക്കോ പകരമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹരജികൾ ഫയൽ ചെയ്തതിലെ അപാകത, കേസുകൾ ലിസ്റ്റ് ചെയ്യുന്ന തീയതിയും സമയവും നടപടിക്രമങ്ങളുടെ തൽസ്ഥിതി എന്നിവയാകും വാട്സ്ആപ് മുഖേന ലഭിക്കുക. ‘The High Court of Kerala’ എന്ന വേരിഫൈഡ് ഐ.ഡിയിലൂടെ മാത്രമാകും സന്ദേശങ്ങൾ. വ്യാജസന്ദേശങ്ങളെ കരുതിയിരിക്കണമെന്നും അറിയിപ്പുകൾ ഹൈകോടതി വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തണമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു.
ഹൈകോടതി കേസ് മാനേജ്മെന്റ് സംവിധാനത്തിൽ ഇതിനകം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ വാട്സ്ആപ് സൗകര്യമില്ലെങ്കിൽ ഒരു നമ്പർകൂടി ചേർക്കാൻ കക്ഷികൾക്ക് അനുവാദമുണ്ട്. ഹൈകോടതി അഡ്വക്കേറ്റ് പോർട്ടൽവഴി നമ്പറുകൾ അപ്ഡേറ്റ് ചെയ്യാനാകും.