പയ്യോളി: നാല് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ 14 ഓളം തീവണ്ടികൾക്ക് സ്റ്റോപ്പുള്ള പയ്യോളി റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ കഴിയാതെ യാത്രക്കാർ നട്ടം തിരിയുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ടൗണിൽ എവിടെയും വാഹനം നിർത്താൻ കഴിയാത്ത സാഹചര്യമായതോടെയാണ് പാർക്കിങ്ങിന് തിരക്ക് വർദ്ധിച്ചത്.
ഇതോടെ റെയിൽവേ സ്റ്റേഷനിൽ ആളെ ഇറക്കാൻ വരുന്ന കാറും ഓട്ടോയും തിരിച്ചുപോകാനുള്ള സൗകര്യം പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
രണ്ടുവർഷം മുൻപാണ് പയ്യോളി റെയിൽവേ സ്റ്റേഷനിൽ പണം കൊടുത്ത് പാർക്ക് ചെയ്യുന്ന സംവിധാനം നിലവിൽ വന്നത്. ഇതുപ്രകാരം സ്ഥിരം യാത്രക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത്. എന്നാൽ കാർ ഉൾപ്പെടെ ഉള്ള വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ നിലവിൽ സ്ഥലമില്ലാത്ത സാഹചര്യമാണ്.
നിലവിലെ പാർക്കിംഗ് സ്ഥലത്തിന് തെക്കുഭാഗത്തായുള്ള വെള്ളക്കെട്ട് മണ്ണിട്ട് നികത്തീട്ടുണ്ടെങ്കിലും ഇവിടെ സ്ഥിരം പാർക്കിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ആ സ്ഥലം പൂർണമായി പ്രയോജനപ്പെടുത്തിയാൽ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ ആകും എന്നാണ് കരുതുന്നത്. നിലവിൽ പാർക്ക് ചെയ്യുന്ന സ്ഥലം ഒഴിവാക്കി പൂർണമായും പാർക്കിംഗ് തെക്കുഭാഗത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അതോടുകൂടി റെയിൽവേ സ്റ്റേഷനിൽ ആളെ ഇറക്കി തിരിച്ചു പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവേ നിർദേശിക്കുന്ന പണം നൽകിയാണ് പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നതെങ്കിലും വെയിലും മഴയും കൊള്ളാതെ വാഹനങ്ങൾ നിർത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. അതിരാവിലെ 5 30 ഓടുകൂടി എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറാനായി വരുന്ന യാത്രക്കാർ ഉൾപ്പെടെ രാത്രി വൈകി കണ്ണൂരിലേക്ക് പോകുന്ന ഇതേ ട്രെയിനിന് വരെ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നവരുണ്ട്. എന്നാൽ റെയിൽവേ ഗ്രൗണ്ടിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടെ നിർത്തിയിടുന്ന വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് യാത്രക്കാർക്ക് ആശങ്കയുണ്ട്.