വെളിച്ചെണ്ണ പൊള്ളാൻ തുടങ്ങി; ലിറ്ററിന് വില അഞ്ഞൂറിന് മുകളിൽ, തേങ്ങവിലയും ഉയരുന്നു

news image
Sep 21, 2025, 2:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഓണക്കാലത്തെ വിപണി ഇടപെടലിനുശേഷം വെളിച്ചെണ്ണവില വീണ്ടും ഉയരുന്നു. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോൾ 495ലെത്തി. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം 500-നുമേൽ വിലയുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക്മില്ലുകളിൽ 500 രൂപയാണ്.

 

പൊതുവിപണിയിൽ ലിറ്ററിന് 390 മുതൽ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. ഓണക്കാലത്താണ് സപ്ലൈകോയിൽ ലിറ്ററിന് 339 രൂപയ്ക്ക് സബ്സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമാക്കിയത്.

തേങ്ങയുടെ വില വീണ്ടും കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻ കാരണം. 2024 സെപ്റ്റംബറിൽ 40-48 രൂപയേ തേങ്ങയ്ക്ക് ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞമാസം 90 രൂപയിൽ എത്തിയശേഷം താഴേക്കുവന്നെങ്കിലും വീണ്ടും തിരിച്ചുകയറി. ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോൾ മൊത്തവില 65 രൂപയും ചില്ലറ വില്പനവില 75 രൂപയുമാണ്.തേങ്ങവില ഉയരുന്നത് നാളികേര കർഷകർക്ക് ഗുണകരമാണ്.

പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കും കർഷകർ വിൽക്കുന്നു.തേങ്ങവില കൂടുംതോറും വെളിച്ചെണ്ണവിലയിൽ 10മുതൽ 20വരെ രൂപ വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. തേങ്ങയുടെ വില അല്പം കുറഞ്ഞാലും വെളിച്ചെണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാകാറില്ല. വില കുറഞ്ഞ വെളിച്ചെണ്ണ മായം

ചേർന്നതാകാമെന്ന പ്രചാരണം വന്നതോടെ വില കുറച്ച് വിറ്റിരുന്ന ബ്രാൻഡുകളുടെ വിലയും കുത്തനെ കൂട്ടി. 2024 സെപ്റ്റംബറിൽ 260-270 രൂപയേ വെളിച്ചെണ്ണയ്ക്കുണ്ടായിരുന്നുള്ളൂ.

 

നവരാത്രി, ദീപാവലി ആഘോഷങ്ങൾക്ക് വടക്കേ ഇന്ത്യയിൽ കൊപ്രയ്ക്ക് ആവശ്യം കൂടും. വ്യാപാരികൾ വലിയതോതിൽ കൊപ്ര സംഭരിച്ച് കൊണ്ടുപോകുന്നതാണ് ഇപ്പോൾ വില ഉയരാൻ കാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe