കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം നൽകുന്നതിനായി നിർമിത ബുദ്ധി (AI) അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്. ‘മെയ്ഡ് ഓൺ യൂട്യൂബ്’ ഇവന്റിലാണ് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. യൂട്യൂബ് ഷോർട്സ് മുതൽ യൂട്യൂബ് ലൈവ് വരെയുള്ള വിഭാഗങ്ങളിൽ എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഷോർട്സിൽ പുത്തൻ മാറ്റങ്ങൾ
ഗൂഗിൾ ഡീപ്മൈൻഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ വിഡിയോ ജനറേഷൻ എഐ മോഡലായ Veo 3-ന്റെ കസ്റ്റം വേർഷൻ യൂട്യൂബ് ഷോർട്സിലേക്ക് സംയോജിപ്പിച്ചു. ഇതിലൂടെ, ക്രിയേറ്റർമാർക്ക് എഐയുടെ സഹായത്തോടെ സൗജന്യമായി വിഡിയോകളും ശബ്ദത്തോടുകൂടിയ ക്ലിപ്പുകളും സൃഷ്ടിക്കാൻ സാധിക്കും.
ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് 480p റെസല്യൂഷനിലുള്ള വിഡിയോകൾ വേഗത്തിൽ നിർമിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് യൂട്യൂബ് അവകാശപ്പെടുന്നു. Veo 3-ന്റെ വേഗതയേറിയ പതിപ്പായ Veo 3 Fast ആണ് ഈ ഫീച്ചറിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ലൈവിൽ ഗെയിം കളിക്കാം, പ്രേക്ഷകരുമായി സംവദിക്കാം
യൂട്യൂബ് ലൈവ് സ്ട്രീം ചെയ്യുന്നവർക്കായി Playables on Live എന്ന പുതിയ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചു. ഇതിലൂടെ ക്രിയേറ്റർമാർക്ക് 75-ൽ അധികം ഗെയിമുകൾ ലൈവായി കളിക്കാനും പ്രേക്ഷകരുമായി സംവദിക്കാനും സാധിക്കും. ഗെയിം കളിച്ച് വരുമാനം നേടാനും ആരാധകരുമായി കൂടുതൽ അടുക്കാനും ഇത് അവസരം നൽകും. ട്വിറ്റ്, ടിക്ടോക് പോലുള്ള പ്ലാറ്റ്ഫോമുകളുമായി മത്സരിക്കാൻ യൂട്യൂബിനെ സഹായിക്കുന്ന ഒരു നീക്കമാണിത്.
കൂടാതെ, യൂട്യൂബ് സ്റ്റുഡിയോയിൽ പുതിയ എഐ ടൂളുകൾ, തലക്കെട്ടുകൾക്കും തംബ്നെയ്ലുകൾക്കും A/B ടെസ്റ്റിങ്, ഓട്ടമാറ്റിക് ഡബ്ബിങ് ഫീച്ചറിൽ ലിപ് സിങ്ക് എന്നിവയും യൂട്യൂബ് അവതരിപ്പിച്ചു. വിഡിയോ ക്രിയേഷനെ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിക്കുന്നത്.