പയ്യോളി : പയ്യോളി ടൗണിൽ ഇന്നുമുതൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നു. നഗരസഭാ റോഡ് വൺ വേ ട്രാഫിക്ക് ആക്കുന്നതാണ് പ്രധാന പരിഷ്കാരം. പേരാമ്പ്ര റോഡിൽനിന്ന് വാഹനങ്ങൾ നഗരസഭ ഓഫീസിന്റെ മുൻപിലൂടെ പോകുന്ന റോഡിലേക്ക് ഇന്ന് മുതൽ പ്രവേശിക്കാൻ പാടുള്ളതല്ല. എന്നാൽ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ ഇളവുകൾ ഉണ്ടാകും എന്നാണ് അറിയിച്ചിട്ടുള്ളത്. അതോടൊപ്പം പേരാമ്പ്ര റോഡരികിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകളുടെ പാർക്കിംഗ് മൂന്നെണ്ണം മാത്രമായി ചുരുക്കിയത് കർശനമായി നടപ്പിലാക്കും.
പേരാമ്പ്ര റോഡിന്റെ ഇരുവശങ്ങളും കൈയേറിയുള്ള ഓട്ടോ പാർക്കിംഗ് ഒഴിവാക്കി നീതി മെഡിക്കൽ സ്റ്റോറിന്റെ ഭാഗത്ത് മാത്രം ആക്കി ചുരുക്കും. അതോടൊപ്പം പകൽ പോലും പേരാമ്പ്ര റോഡിൽ നടത്തുന്ന മത്സ്യ കച്ചവടം പൂർണമായും എടുത്തുമാറ്റുമെന്നും അധികൃതർ അറിയിച്ചു.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥർ എത്താത്തതാണ് പരിഷ്കാരം നടപ്പിലാക്കാൻ വൈകുന്നതെന്ന് ചെയർമാൻ വി കെ അബ്ദുറഹ്മാൻ പറഞ്ഞു.
അതേസമയം നേരത്തെ കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാൻഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായതോടെയാണ് പേരാമ്പ്ര റോഡിലേക്ക് കുറച്ച് ഓട്ടോകൾ മാറിയതെന്നും പകരം സംവിധാനം നടപ്പിലാക്കാതെ ഓട്ടോ പാർക്കിംഗ് നിയന്ത്രിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഓട്ടോ ഡ്രൈവർമാർ.