ന്യൂഡൽഹി: ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സേവാ കേന്ദ്രങ്ങളിൽ പോകാതെ തന്നെ സ്മാർട്ട്ഫോണിലൂടെ വിവിധ സേവനങ്ങൾ ലഭ്യമാകും. ഉപയോക്താക്കൾക്ക് സ്വന്തം വീടുകളിൽ നിന്ന് തന്നെ പേര്, വിലാസം, ജനനതിയ്യതി തുടങ്ങിയ വിവരങ്ങൾ പുതുക്കാൻ സൗകര്യമൊരുക്കും.
നവംബർ മുതൽ ബയോമെട്രിക് പരിശോധനകൾ അതായത് വിരലടയാളം, ഐറിസ് സ്കാൻ എന്നിവയ്ക്ക് ആവശ്യമായ സാഹചര്യങ്ങളിൽ മാത്രം എൻറോൾമെന്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതായിരിക്കും. ഫേസ് ഐഡി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതിനാൽ സേവനങ്ങൾ കൂടുതൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായിരിക്കും. രേഖകളുടെ അപ്ഡേഷൻ ലളിതമാക്കുകയും, പേപ്പർവർക്കുകൾ ഒഴിവാക്കുകയും, വ്യാജ തിരിച്ചറിയൽ സാധ്യത കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാന ഉദ്ദേശം.
ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, എം.എൻ.ആർ.ഇ.ജി.എ രേഖകൾ, വൈദ്യുതി ബിൽ തുടങ്ങിയവ വിലാസം സ്ഥിരീകരണത്തിനായി ഉൾപ്പെടുത്താൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിട്ടുമുണ്ട്. ആധാർ ഗുഡ് ഗവേണൻസ് പോർട്ടലും ഇതിനോടൊപ്പം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. അപേക്ഷകളും അംഗീകാരങ്ങളും വേഗത്തിൽ പൂർത്തിയാക്കുകയും സേവനങ്ങളുടെ കാര്യക്ഷമതയും ജനസൗഹൃദത്വവും വർധിപ്പിക്കുകയുമാണ് ലക്ഷ്യം. പുതിയ ആപ്ലിക്കേഷൻ ഈ വർഷം അവസാനം മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.