കോഴിക്കോട് ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു

news image
Sep 23, 2025, 12:58 pm GMT+0000 payyolionline.in

കോഴിക്കോട് ജില്ലയിൽ ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. മഴ പോയി ചൂട് കൂടിയതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും രോഗം പടരുന്നുണ്ട്.

ഈ മാസം 19 വരെ 136 പേരാണ് ജില്ലയിൽ ചിക്കൻപോക്സിന് ചികിത്സ തേടിയത്. കഴിഞ്ഞ മാസം 200ലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസത്തെ കണക്ക് കുത്തനെ ഉയരുകയാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാൽ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും രോഗബാധിതരായവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന കണങ്ങളിലൂടെയും രോഗം പകരാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ഡിഎംഒ കെകെ രാജാറാം പറഞ്ഞു. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. രോഗം പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം.

പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവയാണ് ആദ്യ ലക്ഷണം. പിന്നാലെ ശരീരമാകെ കുമിളകൾ പൊങ്ങിത്തുടങ്ങും. നേരിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന ചുവന്ന തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻപോക്സിൻ്റെ പ്രധാന ലക്ഷണം. തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം പടരാം. കുരുക്കൾ പൊറ്റകളായി മാറുകയും പത്ത് ദിവസത്തിനകം അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

അതേസമയം ജില്ലയിൽ വയറിളക്ക രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ വരെ 2603 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റ് രോഗങ്ങളുടെ ലക്ഷണമായുമാണ് വയറിളക്കം പിടിപെടുന്നത്. കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങിയ അനേകം രോഗാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണം വയറിളക്കം തന്നെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe