മലയാളിയടക്കം 6 പേർ അറസ്റ്റിൽ, സൂക്ഷിച്ചിരുന്നത് 24 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ; പിടിയിലായത് മംഗളുരുവിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികൾ

news image
Sep 24, 2025, 3:37 am GMT+0000 payyolionline.in

മംഗളൂരു: മംഗളൂരുവിലേക്ക് മയക്കുമരുന്നുകൾ കടത്തിയ മലയാളി ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. മംഗളൂരു സ്വദേശികളായ ചിരാഗ് സനിൽ (27), ആൽവിൻ (28), ജനൻ ജഗന്നാഥ് (28), രാജേഷ് ബെംഗേരെ (30), വരുൺ ഗനിഗ (28) എന്നിവർക്കൊപ്പം മലപ്പുറം നിലമ്പൂർ പൂങ്ങോട് സ്വദേശി അബ്‌ദുൽ കരീം (52) ആണ് പിടിയിലായത്. മംഗളുരുവിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ നിന്ന് 24 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്‌തുക്കളാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പിടിച്ചെടുത്തത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവൂരിലെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ചിരാഗ്, ആൽവിൻ എന്നിവർ പിടിയിലാവുകയായിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ ഇവരിൽ നിന്ന് 22,30,000 രൂപ വിലവരുന്ന 111.83 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

 

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിലമ്പൂർ സ്വദേശിയായ അബ്‌ദുൽ കരീം മുംബൈയിൽ താമസിക്കുന്ന ആഫ്രിക്കക്കാരനായ ബെഞ്ചമിനിൽ നിന്ന് എംഡിഎംഎ വാങ്ങാൻ പണം നൽകിയത് എന്ന് കണ്ടെത്തി. ഇയാളെ മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ജഗന്നാഥ്, രാജേഷ്, വരുൺ എന്നിവരെ മന്നഗുഡ്‌ഡയിൽ വച്ചും പിടികൂടി. പ്രതികളിൽ നിന്ന് മയക്കുമരുന്ന് കൈപ്പറ്റിയവരാണിവർ. ഇവരിൽ നിന്ന് 1,90,000 രൂപ വിലമതിക്കുന്ന 21.03 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്‌ഡി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe