കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ദിവസങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണം ഇന്ന് അല്‍പ്പം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു ഇന്നും ഉയര്‍ന്ന വില കിട്ടും. ഇനിയും വില കൂടിയേക്കുമെന്നും പ്രവചനമുണ്ട്. വലിയ വിലയില്‍ എത്തിയ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതാണ് അല്‍പ്പം വില കുറയാന്‍ കാരണം.
ഈ മാസം ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 7000 രൂപയുടെ വര്‍ധനവാണ് കേരളത്തില്‍ സ്വര്‍ണവിലയിലുള്ളത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തില്‍ രണ്ട് തവണ വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം 1920 രൂപ കൂടി. അതിന് ശേഷമാണ് ഇന്നത്തെ വില അല്‍പ്പം ആശ്വാസം നല്‍കുന്നത്. പുതിയ പവന്‍-ഗ്രാം വില അറിയാം…
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 84600 രൂപയാണ് വില. ഗ്രാമിന് 10575 രൂപയും. 18 കാരറ്റ് ഗ്രാമിന് 20 രൂപ കുറഞ്ഞ് 8700 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6765 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4360 രൂപയുമായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 144 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണം 3795 വരെ ഉയര്‍ന്ന ശേഷം 3765 ആയി കുറഞ്ഞു. ഇതോടെയാണ് കേരളത്തില്‍ വില കുറഞ്ഞത്.
അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണി വലിയ തിരിച്ചടി നേരിടുകയാണ്. ഇതോടെ നിരവധി നിക്ഷേപകരാണ് സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുള്ളത്. ഡോളര്‍ സൂചിക താഴ്ന്ന് നില്‍ക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഡോളര്‍ സൂചിക 97.37 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 88.71 ആയി കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടുകയും രൂപ മൂല്യം ഇടിയുകയും ചെയ്താല്‍ ഇനിയും സ്വര്‍ണവില കൂടും.