കോട്ടയം: ഓണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലടക്കം ജില്ലയിൽ ഒരുമാസത്തിനിടെ 68 പേർ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായതായി എക്സൈസ് വകുപ്പ്. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 71 എൻ.ഡി.പി.എസ് (മയക്കുമരുന്നു ലഹരിപദാർഥ നിയമം) കേസുകളാണ് എടുത്തത്.
രണ്ടുവാഹനങ്ങൾ പിടിച്ചെടുത്തതായും നാർക്കോ കോഓഡിനേഷൻ ജില്ലാതലയോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വകുപ്പുകൾ തമ്മിലെ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് കലക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ നാർക്കോ കോഡിനേഷൻ കമ്മിറ്റി ജില്ലാതല യോഗം ചേർന്നത്.
ഈ കാലയളവിൽ 885 പരിശോധനകൾ നടന്നു. 176 അബ്കാരി കേസുകളിലായി 172 പേർ അറസ്റ്റിലായി. പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 411 കേസിൽ 411 പേർ പ്രതികളായി. 82,220 രൂപ പിഴ ഈടാക്കി. 88.590 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. 407.750 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും, 44.205 ലിറ്റർ ബിയറും രണ്ടുലിറ്റർ കള്ളും 6.48 ലിറ്റർ അനധികൃത മദ്യവും പിടിച്ചെടുത്തു.
18.050 കിലോ കഞ്ചാവും 135 ഗ്രാം കഞ്ചാവ് ചോക്ലേറ്റും നാലു കഞ്ചാവ് ചെടികളും 4.409 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ആദ്യമായാണ് ജില്ലയിൽ കഞ്ചാവ് ചോക്ലേറ്റ് പിടികൂടിയത്. മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനായി സ്കൂളുകളിലും കോളജുകളിലും നിലവിലുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതും വിമുക്തി ഡീ അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതും യോഗം ചർച്ച ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ മയക്കുമരുന്ന് വിരുദ്ധ പദ്ധതികൾ ഏകോപിപ്പിച്ച് ജില്ലക്കായി പദ്ധതി രൂപവൽകരിക്കണമന്ന് കലക്ടർ നിർദേശിച്ചു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി എക്സൈസ് കമീഷനർ കെ.ആർ. അജയ്, പാലാ ആർ.ഡി.ഒ കെ.പി. ദീപ, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി എച്ച്. അലക്സാണ്ടർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ.ജെ. തോമസ്, ഡ്രഗ്സ് ഇൻസ്പെക്ടർ താര എസ്. പിള്ള, ജില്ലാ ട്രാൻസ്പോർട് ഓഫീസർ എസ്. രമേഷ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ പങ്കെടുത്തു.