വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ആ ‘ശല്യം’ ഇനിയില്ല; ‘എവരിവൺ’ മെൻഷനുകൾ മ്യൂട്ട് ചെയ്യാം

news image
Sep 25, 2025, 7:26 am GMT+0000 payyolionline.in

കാലിഫോര്‍ണിയ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. മെസേജിംഗ്, കോളിംഗ്, എഐ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി ആവേശകരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിന്ന് വാട്‌സ്ആപ്പ്. ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് ഒന്നിനു പുറകെ ഒന്നായി നിരവധി ഫീച്ചറുകൾ ഓരോ ദിവസവും പുറത്തിറക്കുന്നു. ഇത്തവണ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരു ശ്രദ്ധേയമായ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

വാട്‌സ്ആപ്പിലേക്ക് പുത്തന്‍ ഫീച്ചര്‍

ഗ്രൂപ്പ് ചാറ്റുകളിലെ അറ്റ് എവരിവൺ (@everyone) മെൻഷനുകൾ മ്യൂട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അതിന്‍റെ ആൻഡ്രോയ്‌ഡ് ആപ്പിൽ പരീക്ഷിക്കുന്നുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. തിരക്കേറിയ ഗ്രൂപ്പുകളിൽ അംഗങ്ങൾ എല്ലാ അംഗങ്ങളെയും ഇടയ്ക്കിടെ ടാഗ് ചെയ്യുന്നതിനാൽ ഗ്രൂപ്പുകളിലെ മറ്റ് അറിയിപ്പുകൾ തടസപ്പെടുന്നത് കുറയ്ക്കാൻ ഈ ഓപ്ഷൻ സഹായിക്കും. മാത്രമല്ല, എവരിവണ്‍ മെന്‍ഷന്‍ ഓപ്ഷനൊരു ശല്യമായി തോന്നുന്നവര്‍ക്കും മ്യൂട്ട് സൗകര്യം ഗുണകരമാകും. ആൻഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.27.1 ൽ ഈ പുതിയ സവിശേഷത പ്രത്യക്ഷപ്പെട്ടതായിട്ടാണ് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഉപയോക്താക്കൾക്ക് മെൻഷനുകൾ എളുപ്പത്തിൽ മ്യൂട്ട് ചെയ്യാൻ അനുവദിക്കുന്നു. കമ്പനി ഉടൻ തന്നെ ഈ പുതിയ ഫീച്ചർ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

അറ്റ് എവരിവൺ

നിലവിൽ അറ്റ് എവരിവൺ (@everyone) എന്ന പരാമർശം വാട്‌സ്ആപ്പ് അഡ്‍മിൻമാർക്ക് മാത്രമല്ല, ഏതൊരു ഗ്രൂപ്പ് അംഗത്തിനും എല്ലാ മെമ്പർമാരെയും എന്തെങ്കിലും കാര്യങ്ങള്‍ അറിയിക്കാൻ ഉപയോഗിക്കാം. ചില സന്ദർഭങ്ങളിൽ ഇത് ഉപയോഗപ്രദമാണെങ്കിലും ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഈ ഫീച്ചർ ബുദ്ധിമുട്ടായും മാറുന്നു. അതിനാലാണ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് അനുഭവത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായി വാട്‌സ്ആപ്പ് മ്യൂട്ട് ഓപ്ഷൻ വികസിപ്പിക്കുന്നത്. വാട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പ് മ്യൂട്ട് ചെയ്‌താലും ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ അറ്റ് എവരിവൺ (@everyone) അറിയിപ്പുകൾ സ്വീകരിക്കാനുള്ള ഓപ്ഷൻ തുടർന്നും ഉണ്ടായിരിക്കും. ഇതിനായി സെറ്റിംഗ്‍സുകൾ ക്രമീകരിച്ചാൽ മതി. ഈ ഫീച്ചർ ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും ഭാവിയിലെ ആപ്പ് പതിപ്പുകളിൽ ഇത് ആക്‌സസ് ചെയ്യാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe