2022 ലാണ് ശ്രീവരാഹം സ്വദേശിയായ അനൂപിന് ഓണം ബംമ്പർ സമ്മാനമായ 25 കോടി അടിച്ചത്. സാധാരണ ലോട്ടറി അടിച്ച് കഴിഞ്ഞാലും വർഷങ്ങൾ കഴിഞ്ഞ് പാപ്പരായ ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലോട്ടറി അടിച്ചതിന് പിന്നാലെ ജീവിതത്തിൽ തനിക്ക് വച്ചടി വച്ചടി കയറ്റമാണ് ഉണ്ടായതെന്ന് പറയുകയാണ് അനൂപ്. കൃത്യമായ ആസൂത്രണം നടത്തിയാൽ കിട്ടിയ തുകയെക്കാൾ ലാഭം കൊയ്യാൻ സാധിക്കുമെന്നാണ് അനൂപ് പറയുന്നത്. അനൂപിന്റെ വാക്കുകളിലേക്ക്
‘ഇത്തവണയും തിരുവോണം ബംമ്പർ എടുത്തു. മുൻപേ തന്നെ ഹോട്ടൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലോട്ടറി അടിച്ചപ്പോൾ പലരും വന്നു, പക്ഷെ രണ്ട് വർഷത്തോളം ഞാൻ ഒന്നും ചെയ്തില്ല. പിന്നീട് വളരെ പഠിച്ചാണ് ഹോട്ടൽ ബിസിനസിലേക്ക് വന്നത്. രണ്ട് ഹോട്ടലുകൾ ഞാൻ ഇതുവരെ ആരംഭിച്ചു. മൂന്നാമത്തേതിന്റെ പണി തുടങ്ങി. വലിയശാലയിലായിരുന്നു ആദ്യം കട തുടങ്ങിയത്. ചെറിയ കട ആയിരുന്നു. അത് മെച്ചപ്പെട്ടപ്പോൾ അതിന്റെ വരുമാനം കൊണ്ടാണ് രണ്ടാമത്തെ കട തുടങ്ങിയത്. ഈ കടയുടെ വരുമാനം വെച്ച് മൂന്നാമത്തെ കട തുടങ്ങാൻ പോകുകയാണ്.
കൈയ്യിൽ പൈസ വെച്ചല്ല ഞാൻ ഓരോന്ന് ചെയ്യുന്നത്. എനിക്ക് കിട്ടിയ തുക ബാങ്കിലിട്ട് അതിന്റെ പലിശയെടുത്താണ് ഞാൻ ചെയ്യുന്നത്. ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. കിട്ടിയ പൈസ മൊത്തം എടുത്ത് ഉപയോഗിച്ചിരുന്നെങ്കിൽ ഈ നിലയിൽ എനിക്ക് എത്താൻ പറ്റുമായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായം ചോദിച്ച് വന്നിരുന്നു. എത്ര തുക ബംമ്പർ അടിച്ചാലും ആ തുകയുടെ പകുതി ടാക്സ് ആയി പോകും. കേന്ദ്രത്തിലും സംസ്ഥാനത്തും ടാക്സ് ഉണ്ട്. ലോട്ടറി അടിച്ചാൽ ആദ്യം ചെയ്യേണ്ടത് ആ പൈസ ബാങ്കിലിടുക. ആറ് മാസം വരെ ആ തുക തൊടരുത്. കാരണം ഇതില് വരുന്ന പലിശയൊക്കെ ഓരോ രീതിക്കാണ് വരുന്നത്. എല്ലാം എടുത്ത് വീടും കാറുമൊക്കെ വാങ്ങിക്കഴിഞ്ഞാൽ പിന്നെ അതൊക്കെ വിൽക്കേണ്ടി വരും. അതുകൊണ്ട് സമയമെടുത്ത് ബുദ്ധിപൂർവ്വം തുക ചെലവഴിക്കാം.
25 ലക്ഷമായാലും 25 കോടിയായാലും അത് എങ്ങനെ വിനിയോഗിക്കുന്നുവെന്നതിലാണ് കാര്യം. എനിക്ക് പുതിയ കാറും വീടുമൊക്കെ വാങ്ങിക്കാമായിരുന്നു. പക്ഷെ ഞാൻ വാങ്ങിച്ചിട്ടില്ല. ഞാൻ ആ പൈസ അതേ രീതിയിൽ സൂക്ഷിച്ച് അതിൽ നിന്ന് ലഭിക്കുന്ന പലിശ വെച്ച് ഓരോ കാര്യങ്ങൾ ചെയ്തു. കിട്ടിയ പൈസ കൂട്ടിയതല്ലാതെ ഞാൻ കുറച്ചിട്ടില്ല. ഒരു മാസം കൊണ്ട് തന്നെ പണം ബാങ്ക് വഴി വരും.
എത്രവർഷമെടുത്താലും എനിക്ക് ഉണ്ടാക്കാൻ പറ്റുന്നതിനേക്കാൾ ദൈവം എനിക്ക് തന്നു. ലോട്ടറി അടിച്ചില്ലെങ്കിലും ഞാൻ ഹോട്ടൽ ബിസിനസ് തുടങ്ങിയേനെ. പക്ഷെ ഇപ്പോൾ വളരെ നേരത്തെ തുടങ്ങാൻ പറ്റി. ആളുകൾക്ക് നല്ല രീതിക്ക് ഭക്ഷണമൊക്കെ കൊടുത്ത് മുൻപോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ ജില്ലയിലും ഹോട്ടലുകൾ തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ലോട്ടറി അടിച്ചാൽ മാക്സിമം ആരേയും അറിയിക്കാതെ ഇരിക്കുക. അറിവുളളവരോട് മാത്രം കാര്യങ്ങൾ പങ്കുവെയ്ക്കാം. എല്ലാവരേയും സഹായിക്കാം, പക്ഷെ സവാധാനം സമയമെടുത്ത് സഹായിക്കാം. ഇതിന്റെ മോശം അനുഭവങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് പറയുകയാണ്. ലോട്ടറി അടിച്ചാൽ അത് പുറത്ത് പറയാതിരിക്കേണ്ട കാര്യമൊന്നുമില്ല. കാരണം എന്നായാലും നാട്ടുകാർ അറിയും നമ്മുടെ കൈയ്യിൽ പണം വന്നത്. പുറത്ത് പറയാതിരുന്നാൽ കള്ളപ്പണം എന്നൊക്കെയുള്ള ആരോപണങ്ങൾ വന്നേക്കും. പറഞ്ഞാലും പൈസ കിട്ടിയ സന്തോഷത്തിൽ അതൊന്നും അടിച്ച് പൊളിച്ച് തീർക്കാതിരിക്കുക. ആലോചിച്ച് മാത്രം തീരുമാനം എടുക്കുക, ഇല്ലെങ്കിൽ വലിയ രീതിയിൽ കഷ്ടപ്പെട്ട് പോകും’, അനൂപ് പറഞ്ഞു.