സ്വർണവില കുതിപ്പ് തുടരുകയാണ്. സ്പോട്ട് ഗോൾഡ് വില ഈ വർഷം ഏകദേശം 35-40% വർദ്ധിച്ച് ഔൺസിന് 3700 ഡോളർ വരെ തൊട്ടു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ദുർബലമാകുന്ന യുഎസ് ഡോളർ, സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം എന്നിവ കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ വില 4,000 ഡോളറിലേക്ക് എത്തുമെന്നുള്ള പ്രവചനങ്ങൾ ശക്തമാണ്. വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങളും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഈ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നുണ്ട്.
അതേസമയം വില വർധനവിൽ പകച്ച് നിൽക്കുകയാണ് ഇപ്പോൾ ആഭരണപ്രേമികൾ. ഏറ്റവും ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാമെന്നാണ് പലരുടേയും ചിന്ത. അതിനിടെ വില വർധനവിനിടയിലും ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ എന്താണ് മികച്ച മാർഗം എന്ന് പറയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ റീട്ടെയ്ലറായ ടൈറ്റൻ റീട്ടെയ്ൽ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അരുൺ നാരായൺ. ബിസിനസ് സ്റ്റാന്റേഡിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വർണ വില ഉയർന്നത് ആഭരണ വാങ്ങുലകൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ വിലക്കയറ്റത്തെ മറികടക്കാൻ ഏറ്റവും മികച്ച മാർഗം പഴയസ്വർണാഭരണങ്ങൾ കൊടുത്ത് സ്വർണം വാങ്ങുകയെന്നതാണെന്ന് അദ്ദേഹം പറയുന്നു. എന്തായാലും വില വർധനവിനിടയിലും ഫെസ്റ്റിവൽ, വിവാഹ സീസണുകൾ മികച്ച കച്ചവടം തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച് സ്വീകരിച്ച നടപടികൾ ആളുകളുടെ കൈകളിൽ കൂടുതൽ പണം എത്തിക്കും, ഇത് അവരെ കൂടുതൽ ചിലവഴിക്കാൻ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും നാരായൺ പങ്കുവെച്ചു. സ്വർണത്തിന് വില ഉയർന്നതോടെ 18 കാരറ്റ് ആഭരണങ്ങളുടെ വിൽപ്പനയും വർധിച്ചിട്ടുണ്ട്. അതിനാൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ മികച്ച കളക്ഷനും തങ്ങൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ വില ഇനിയെങ്ങോട്ട്
അതേസമയം വില ഇനി എങ്ങോട്ട് എന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. യുഎസിന്റെ പണപ്പെരുപ്പ കണക്കുകളായിരിക്കും ഇനി സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കാനിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് വൈകീട്ടോടെ പുറത്തുവരും. പണപ്പെരുപ്പം കുറയുകയാണെങ്കിൽ ഫെഡ് റിസർവ്വ് അടിസ്ഥാന പലിശനിരക്ക് കുറക്കും. സ്വാഭാവികമായും ഡോളറും കടപത്ര ആദായനിരക്കും ക്ഷീണിക്കും, സ്വർണത്തിന് പെരുമ ഉയരും, വില വർധിക്കും. നിലവിൽ രാജ്യാന്തര സ്വർണവില ഉയർന്ന് 3747 ഡോളറിൽ നിൽക്കുകയാണ്. വൈകാതെ 3800 ഡോളറിലേക്ക് സ്വർണം കുതിക്കും. ഇപ്പോൾ തന്നെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 84000ത്തിലെത്തി നിൽക്കുകയാണ്. അതായത് ഒരു പവൻ കൈയ്യിൽ വാങ്ങാൻ ജി എസ് ടിയും പണിക്കൂലിയും ചേർത്ത് 90,000ത്തിന് മുകളിൽ നൽകണം. 3800 ലേക്ക് വില കുതിച്ചാൽ സ്വാഭാവികമായും ഒരു പവൻ സ്വർണവില ഒരുലക്ഷത്തിലേക്ക് അടുക്കം. ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിൽ സ്വർണ വില 4000 ഡോളർ കടക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉണ്ട്. അങ്ങനെയെങ്കിൽ സ്വർണത്തെ സാധാരണക്കാർ മറക്കേണ്ടി വരും.