കൊയിലാണ്ടി: താമരശ്ശേരി-കൊയിലാണ്ടി റൂട്ടിൽ വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരു വിദ്യാർഥിക്കും ബസ് ജീവനക്കാരനും മർദനമേറ്റു. കുറുവങ്ങാട് ഐ.ടി.ഐ വിദ്യാർഥി അദിത്ത് കൃഷ്ണക്കും (22), ‘ഹുഡിബാബ’ സ്വകാര്യ ബസിലെ കണ്ടക്ടർ നടേരി മരുതൂർ തീമഠത്തിൽ ബിരന്ദാസിനുമാണ് പരിക്കേറ്റത്. ഇരുവിഭാഗത്തിന്റെയും പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് ഐ.ടി.ഐയിലേക്ക് ബസിൽ കയറിയ വിദ്യാർഥിയെ ഇറക്കിവിട്ടെന്ന പരാതിയെ തുടർന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും വെള്ളിയാഴ്ച രാവിലെ ബസ് തടഞ്ഞത്. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം ബസ് ജീവനക്കാരോട് സംസാരിക്കുന്നതിനിടെ, ജീവനക്കാർ മർദിച്ചു എന്നാണ് വിദ്യാർഥികളുടെ പരാതി. എന്നാൽ വിദ്യാർഥികളാണ് ബസ് കണ്ടക്ടറെ മർദിച്ചതെന്ന് ബസ് ജീവനക്കാരും പരാതിപ്പെട്ടു. ഇരുവരും കൊയിലാണ്ടി താലൂക്കിൽ ചികിത്സ തേടി.