വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ബാക്കി: ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് ഒരു മരണം

news image
Sep 27, 2025, 10:35 am GMT+0000 payyolionline.in

മലപ്പുറം:വണ്ടൂരിൽ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു. ആറു പേർക്ക് ഗുരുതര പരുക്ക്. മൂന്നു പേർ ഗുരുതരാവസ്ഥയിലാണ്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞുമുഹമ്മദ് (70), മകൾ താഹിറ (46), മക്കൾ ഇരട്ടക്കുട്ടികളായ അഷ്മില്‍ (12), നഷ്മിൽ (12), മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), മകൾ ഷിഫ്ര (14) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൂരാട് വരമ്പൻകല്ല് പാലത്തിനു സമീപമാണ് അപകടം. പരുക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ്ങിനു പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെപോയി മടങ്ങുമ്പോഴാണ് അപകടം. ഇസ്ഹാഖ് ആണ് കാർ ഓടിച്ചിരുന്നത്. അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നതായും പറയുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങു മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വണ്ടൂർ പൊലീസും ട്രോമാകെയർ പ്രവർത്തകരും എത്തി വിവിധ ആംബുലൻസുകളിൽ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോകുന്ന വഴി മൈമൂന മരിച്ചു. ചെല്ലക്കൊടിയിലെ വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് കുടുംബത്തെ ദുരന്തം വേട്ടയാടിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe