കരൂർ: തമിഴ്നാട്ടിലെ കരൂരില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്ക് വേണ്ടി ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നതായി നാട്ടുകാര്‍.കുട്ടികളടക്കമുള്ള പതിനായിരക്കണക്കിന് ആളുകളാണ് വിജയിയെ കാത്തുനിന്നത്. കുട്ടികളടക്കം നിരവധി പേരാണ് വെയിലും കൊണ്ട് കാത്തുനിന്നതെന്ന് കരൂരിലെ നാട്ടുകാര്‍ പറയുന്നു. വിജയ്നെ കാണാൻ വേണ്ടി വന്നതാണ് കൂടുതൽ പേരും..ആളുകൾ കൂടിയപ്പോൾ ചൂടും ശ്വാസും മുട്ടലും അനുഭവപ്പെട്ടു. വിജയിയെ കാണാന്‍ വേണ്ടി കുടുംബവുമായി പോയിരുന്നെന്നും എന്നാല്‍ തിരക്ക് കണ്ട് പേടിച്ച് വീട്ടിലേക്ക് തിരിച്ചുപോയെന്നും പ്രദേശവാസികള്‍ പറഞ്ഞു. പരിപാടിക്ക് സുരക്ഷയൊരുക്കാന്‍ പേരിന് മാത്രമായിരുന്നു പൊലീസുകാരുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.
അതേസമയം, കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മരണസംഖ്യ ഇനിയും കൂടുമെന്നും ഇവര്‍ പറയുന്നു.പരിപാടി നടത്താന്‍ കഴിയുന്ന സ്ഥലമല്ല ഇത്.
ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലാണ് ഇത്രയും ആളുകള്‍ കൂടി നിന്നത്. വേറെ എവിടെയെങ്കിലും പരിപാടി നടന്നിരുന്നെങ്കില്‍ ഇത്രയും പേര് മരിക്കില്ലായിരുന്നു. അതല്ലെങ്കില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കണമായിരുന്നു.രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നത്തിന് മരിച്ചുപോയത് ഞങ്ങളുടെ കുടുംബത്തിലുള്ളവരാണ്.സ്വന്തക്കാര് കണ്ണുമുന്നിലാണ് മരിച്ചുകിടന്നത്’..നാട്ടുകാര്‍ പറയുന്നു.
അതിനിടെ, വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര് സ്ത്രീകളും 9 പേര് കുട്ടികളുമാണ്. പരിക്കേറ്റ 111 പേര് ചികിത്സയിലാണ്. ഇതില്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. 15 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം പൂർത്തിയാക്കി…12 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിന് കരൂരിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്ന് സ്റ്റാലിൻ പ്രതികരിച്ചു. റാലിക്ക് അനിയന്ത്രിതമായി ആളുകൾ എത്തിയതാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയത്. പതിനായിരം പേരുടെ പരിപാടിക്കാണ് സംഘാടകർ അനുമതി തേടിയത്. എത്തിയതാകട്ടെ 50,000 പേരും.