വിജയ്‍യുടെ അറസ്റ്റ് ഉടനില്ല; സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്

news image
Sep 28, 2025, 6:41 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്‍യുടെ പര്യടനം ബാക്കിയുള്ളത്.തിങ്കളാഴ്ച കോടതി കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങൾ. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe