‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന് പ്രിന്‍സിപ്പലിന്റെ ഭീഷണി

news image
Sep 29, 2025, 7:38 am GMT+0000 payyolionline.in

കോഴിക്കോട് പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളിലെ അധ്യാപകനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സിബിന്‍ ആന്റണിയെന്ന അധ്യാപകനെയാണ് പ്രിയ എന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്. അധ്യാപകന്റെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറയുന്ന ഓഡിയോ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. സ്‌കൂളിലെ എന്‍എസ്എസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ അവര്‍ തന്നോട് മോശമായി സംസാരിച്ചെന്നാണ് അധ്യാപകന്‍ പറയുന്നത്. അധ്യാപകനെ നീ എന്ന് അഭിസംബോധന ചെയ്ത് ഭീഷണിപ്പെടുത്തിയതായി ട്വന്റിഫോറിന് ലഭിച്ച ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. നിന്നോടൊന്നും വര്‍ത്തമാനം പറയേണ്ട ആവശ്യം എനിക്കില്ല എന്നും പ്രിന്‍സിപ്പല്‍ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.പ്രിന്‍സിപ്പല്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും മോശമായി പെരുമാറുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നതായി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് മുഹമ്മദലി ആരോപിക്കുന്നുണ്ട്. അനധികൃത പിരിവുകള്‍ നടത്തിയെന്ന് ഉള്‍പ്പെടെ പരാതി ഉയര്‍ന്നതിനാല്‍ പ്രിന്‍സിപ്പല്‍ അന്വേഷണം നേരിടുകയാണ്. പാഠ്യ, പാഠ്യേതര കാര്യങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സഹകരിക്കാറില്ലെന്നും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പിടിഎ പ്രസിഡന്റ് പറയുന്നു.

ഓണാഘോഷം, പഠനയാത്ര മുതലായ യാതൊന്നും സ്‌കൂൡ നടത്താന്‍ പ്രിന്‍സിപ്പല്‍ സമ്മതിക്കാറില്ലെന്നാണ് പിടിഎ പ്രസിഡന്റ് പറയുന്നത്. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതിന് അപ്പുറമുള്ള പിരിവുകള്‍ അധ്യാപിക നടത്തുകയാണ്. വിഷയത്തില്‍ വിജിലന്‍സ് ഉള്‍പ്പെടെ ഇടപെടുന്നുണ്ട്. കുട്ടികള്‍ പല കാലങ്ങളായി നല്‍കിയ ആയിരത്തോളം പരാതികള്‍ പ്രിന്‍സിപ്പലിനെതിരെ നിലനില്‍ക്കുന്നുണ്ട്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പാളിനെ ഇവിടെ നിന്ന് നീക്കണമെന്നാണ് പിടിഎയുടെ ആവശ്യം. സംഭവത്തില്‍ ട്വന്റിഫോര്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം തേടിയെങ്കിലും അവര്‍ ഫോണെടുത്തിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe