ചെന്നൈ: തമിഴ്നാട് എണ്ണോറിൽ തെർമൽ പവർ പ്ലാന്റിൽ നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്ക്.
പവർ പ്ലാന്റിന്റെ നാലാം യൂണിറ്റിന്റെ മുൻവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. നിർമാണത്തിനായി ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം (സ്കാഫോൾഡിംഗ്) തകർന്ന് വീണാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 9 പേർ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവർ ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. വിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.