കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഉത്തര മലബാറിലെ മത്സരങ്ങൾക്ക് നാളെ ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ തുടക്കമാകും. മത്സരങ്ങൾ ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും. 15 ചുരുളി വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം – പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനാകും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും
അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് മത്സരങ്ങൾ നടക്കുക. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനൽ) നടക്കും. വൈകിട്ട് അഞ്ച് മണിക്കാണ് സമ്മാനദാനം.
എ കെ ജി പോടോത്തുരുത്തി എ ടീം, എ കെ ജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യകോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ കെ ജി മയിച്ച, വയൽക്കരവെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, പാലിച്ചോൻ അച്ചാം തുരുത്തി ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ എം എസ് മുഴക്കീൽ, നവോദയ മംഗലശേരി, ധർമ്മടം ടീം എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ. അഞ്ച് ഹീറ്റ്സുകളാണുണ്ടാകുന്നത്. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടക്കും.
പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. ധർമ്മടത്തിന് പുറമെ കോഴിക്കോട് ബേപ്പൂർ (12.09.2025), കാസർഗോഡ് ചെറുവത്തൂർ (19.09.2025), എന്നിവിടങ്ങളിലും സിബിഎൽ മത്സരങ്ങൾ നടത്തുന്നുണ്ട്.