മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കും വിദേശയാത്രക്ക് വിലക്കേർപ്പെടുത്തിയ നടപടി തുടരുമെന്ന് ബോംബെ ഹൈകോടതി. തായ്ലൻഡിലെ ഫുക്കറ്റിലേക്ക് മൂന്ന് ദിവസത്തെ അവധിക്കാല യാത്രക്ക് പോകാൻ അനുമതി തരണമെന്ന് ഹരജി പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് വിലക്കേർപ്പെടുത്തിയത് തുടരുമെന്ന് അറിയിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ എക്ണോമിക് ഒഫൻസീവ് വിങ് നേരത്തെ സമൻസ് നോട്ടീസ് അയച്ചിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനാൽ രാജ്യം വിട്ട് പോകാനുള്ള അനുമതി കോടതി നേരത്തെ വിലക്കിയിരുന്നു. ഇതിനിടയിലാണ് താരങ്ങൾ അവധികാലം ആഘോഷിക്കാനായി തായ്ലൻഡിലേക്ക് പോകാനുള്ള അനുമതിതേടി ഹൈകോടതിയെ സമീപിച്ചത്.
ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2015നും 2023നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്ന് വ്യവസായി ദീപക് കോത്താരി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കുന്ദ്ര ഏത് സാഹചര്യത്തിലും അന്വേഷണ ഏജൻസികളുമായി സഹകരിച്ചിട്ടുണ്ടെന്ന് ദമ്പതികളുടെ അഭിഭാഷകൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. ഇതിനിടയിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറപ്പെടുവിപ്പിച്ച ലുക്ക്ഔട്ട് സർക്കുലർ താൽകാലികമായി നിർത്തിവെക്കണമെന്ന താരങ്ങളുടെ അപേക്ഷയും കോടതി തള്ളി.
ശിൽപ്പ ഷെട്ടിക്കെതിരെ മുംബൈയിലും കൊൽക്കത്തയിലും സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. ഇരുവരും പതിവായി അന്താരാഷ്ട്ര യാത്രകൾ നടത്തുന്നതിനാൽ കേസിന്റെ പരിധിയിൽ നിന്നും രക്ഷപ്പെടാൻ ഒരു പക്ഷെ ഈ യാത്രക്ക് സാധിക്കുമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസിന്റെ വാദം രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ഹൈകോടതി ഇരു വിഭാഗങ്ങളെയും അറിയിച്ചു.