കാഞ്ഞങ്ങാട്: മാവുങ്കാലിലും ഇരിയയിലും ചെർക്കളയിലും മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമം. 15 കോൺഗ്രസ് പ്രവർത്തകരെ മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്തു.
മാവുങ്കാലിൽ 12 പേരും ചെർക്കളയിൽ മൂന്നും ഇരിയയിൽ ഒരാളുമാണ് കസ്റ്റഡിയിലായത്. ഒടയംചാലിലേക്ക് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിന് പോവുകയായിരുന്ന മുഖ്യമന്ത്രിയെ ആനന്ദാശ്രമം സ്കൂളിന് മുന്നിൽ വെച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം.
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, മാർട്ടിൻ ജോർജ്, ആർ. രതീഷ്, കെ. ഷിബിൻ, വിനോദ് കപ്പിത്താൻ, കെ.ആർ. കാർത്തികേയൻ, രതീഷ് തമ്പാൻ, ദീപു കൃഷ്ണൻ, ശ്രീജിത് കോടോത്ത്, സുദീഷ് പാണ്ടൂർ, പി. സുശാന്ത്, എ. ജിതിൻ എന്നിവരാണ് മാവുങ്കാലിൽ നിന്ന് അറസ്റ്റിലായത്.
ചെർക്കളയിൽ മൂന്നുപേരെയാണ് മുൻകരുതലായി കസ്റ്റഡിയിലെടുത്തത്. സി.എം. മുഹമ്മദ് ജവാദ്, അൻസാരി കോട്ടക്കുന്ന്, കെ. ശ്രീനീഷ് എന്നിവരെയാണ് വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ടി. വിഷ്ണുവിനെ ഇരിയയിൽനിന്ന് അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്യോട്ട് ഇരട്ട കൊലക്കേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിലുള്ള പ്രതിഷേധമായാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതെന്ന് ബി.പി. പ്രദീപ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പോയശേഷം ഇവരെ വിട്ടയച്ചു. ഷിബിൻ ഉപ്പിലിക്കൈക്ക് പൊലീസ് നടപടിക്കിടെ കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരൻ മുഖത്തടിക്കുകയായിരുന്നവെന്ന് നേതാക്കൾ ആരോപിച്ചു.