‘ഹൃദയം നുറുങ്ങുന്ന വേദനയിലും അവര്‍ തീരുമാനമെടുത്തു’; അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും, 6 പേർക്ക് ജീവിതം നൽകി മാതൃകയായി കുടുംബം

news image
Oct 3, 2025, 11:50 am GMT+0000 payyolionline.in

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ (46) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ അജിതയുടെ മഹനീയമായ അവയവദാനത്തിലൂടെ ആറ് പേർക്കാണ് പുതുജീവൻ ലഭിച്ചത്. തീവ്രദുഃഖത്തിലും മാതൃകപരമായ തീരുമാനമെടുത്ത കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസ്സുകാരിയിലാണ് അജിതയുടെ ഹൃദയം മാറ്റിവെച്ചത്.

ഹൃദയം ഉൾപ്പെടെ ദാനം ചെയ്തത് ആറ് അവയവങ്ങൾ

അജിതയുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. അവയവങ്ങൾ കൈമാറിയത് താഴെ പറയുന്ന ആശുപത്രികൾക്കാണ്. ഹൃദയവും കരളും രണ്ട് വൃക്കകളും 2 നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും നൽകി. ബാക്കിയുള്ള ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് കൈമാറിയത്. കെ-സോട്ടോയുടെ (K-SOTTO) നേതൃത്വത്തിലാണ് അവയവദാനത്തിൻ്റെ നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയാക്കിയത്.

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ

ഹൃദയസ്തംഭനത്തെ തുടർന്നാണ് അജിതയെ 2025 സെപ്റ്റംബർ 28-ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഒക്ടോബർ 2-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്, അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. അവയവദാനത്തിന് സന്നദ്ധരായ കുടുംബാംഗങ്ങളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. അജിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. പി. രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. പി. സാരംഗി (TWSI കോഴിക്കോട്), പി. ശരത് എന്നിവരാണ് മക്കൾ. മരുമകൻ മിഥുൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe