കേരളത്തിൽ പുതിയ 5 ദേശീയ പാതകള്‍ കൂടി; റൂട്ട് പുറത്തു വിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്, പദ്ധതി രേഖക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

news image
Oct 4, 2025, 10:21 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി, വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതകള്‍ക്കുള്ള പദ്ധതി രേഖ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ദീര്‍ഘ കാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം.ഈ പദ്ധതികള്‍ സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

12 കിലോമീറ്റര്‍ വരുന്ന രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡും 20 കിലോമീറ്റര്‍ വരുന്ന കൊടുങ്ങല്ലൂര്‍ – അങ്കമാലി (വെസ്റ്റേണ്‍ എറണാകുളം ബൈപ്പാസ്) റോഡും 4 വരി പാതയാക്കി ഉയര്‍ത്താനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുക. 30 കിലോമീറ്റര്‍ വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡും 13 കിലോ മീറ്റര്‍ വരുന്ന വൈപ്പിന്‍ – മത്സ്യഫെഡ് റോഡും 2 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ ആയും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ ബൈപാസ്സുകളും 2 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ ആയാണ് വികസനം ലക്ഷ്യമിടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe