കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു

news image
Oct 4, 2025, 2:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചു. കോൾഡ്റിഫ് സിറപ്പിൻ്റെ എസ്ആർ 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ ബാച്ച് മരുന്നിൻ്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസിലായത്.

എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വിൽപനയും പൂർണമായും നിർത്തിവയ്ക്കാൻ ഡ്രഗ്‌സ് കൺട്രോളർ ഡ്രഗ്‌സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയത്. കേരളത്തിൽ എട്ട് വിതരണക്കാർ വഴിയാണ് ഈ മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ തുടരുകയാണ്. കോൾഡ്റിഫ് സിറപ്പിൻ്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടെയും സാമ്പിളുകൾ ശേഖരിച്ചു വരുന്നു. കേരളത്തിൽ ചുമ മരുന്നുകൾ നിർമിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

സെൻട്രൽ ഡിജിഎച്ച്സിന്റെ നിർദേശപ്രകാരം രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്‌ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തിൽ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നൽകരുതെന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe