തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനും തിരുത്താനും അപേക്ഷകൾ ഓൺലൈനായി നൽകാൻ 14 വരെ അവസരം. www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വാർഡിലെ ഒരുഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാർഡിലേക്കോ മാറുന്നതിനും അവസരമുണ്ട്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം 4 ലും വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് ഫോറം 6 ലും ഒരു വോട്ടറുടെ പേരുവിവരം ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിന് ഫോറം നമ്പർ 7 ലും അപേക്ഷ നൽകാം. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും.
പേരുണ്ടോയെന്ന് പരിശോധിക്കാം
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലെ വോട്ടർ സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ വോട്ടർപ്പട്ടികയിൽ പേരുണ്ടോയെന്ന് അറിയാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ വോട്ടർപ്പട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വോട്ടർപ്പട്ടികയിലേക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ നൽകി പേര് തിരയാം. ഇത് കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള പഴയ എസ്ഇസി ഐഡി നമ്പരോ, പുതിയ എസ്ഇസി നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം.
തദ്ദേശസ്ഥാപനതലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നൽകിയിട്ട്, വോട്ടറുടെ പേരോ, വോട്ടർ ഐഡി കാർഡ് നമ്പരോ, എസ്ഇസിയുടെ പഴയതോ, പുതിയതോ ആയ നമ്പരോ നൽകി പേര് പരിശോധിക്കാം. വാർഡ് തലത്തിലും ഇത്തരത്തിൽ പേര് തിരയാവുന്നതാണ്. ഇരട്ടവോട്ടുണ്ടെന്ന് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ അറിയിക്കണം.