ഭോപാൽ: ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി 14 കുട്ടികൾ മരിച്ച സംഭവം അന്വേഷിക്കുന്നതിനിടെ, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം സംസ്ഥാന ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യയെയും സ്ഥലം മാറ്റി.
ചിന്ദ്വാരയിലെയും ജബൽപൂരിലെയും ഡ്രഗ് ഇൻസ്പെക്ടർമാർക്കെതിരെയാണ് നടപടി. സസ്പെൻഡ് ചെയ്യപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർ ശോഭിത് കോസ്റ്റയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച കുട്ടികളുടെ ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രിയെത്തി. കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
14 കുട്ടികളുടെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു. സംഭവത്തിൽ ചിന്ദ്വാരയിലെ ഡോ. പ്രവീൺ സോണിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം മരുന്ന് നിർമാണ കമ്പനിക്കെതിരെ കേസുമെടുത്തു.