ദേശീയ പാതകളിൽ ക്യുആർ കോഡ് സൈൻബോര്‍ഡുകൾ വരുന്നു; എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ

news image
Oct 7, 2025, 9:31 am GMT+0000 payyolionline.in

ദില്ലി: ദേശീയ പാത ശൃംഖലയിലുടനീളം ക്യുആർ കോ‍ഡിലുള്ള പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്യുമ്പോൾ അവശ്യ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കുന്നതിനായാണ് പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കുന്നത്. സുതാര്യത വർദ്ധിപ്പിക്കുകയും ഹൈവേ ഉപയോക്താക്കൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

ക്യുആർ കോഡ് സൈൻബോർഡുകളിൽ ദേശീയപാത നമ്പർ, ശൃംഖല, പ്രോജക്റ്റ് ദൈർഘ്യം, നിർമ്മാണ, അറ്റകുറ്റപ്പണി കാലയളവുകളുടെ ദൈർഘ്യം തുടങ്ങിയ വിശദാംശങ്ങൾ പ്രദർശിപ്പിക്കും. യാത്രക്കാർക്ക് 1033 ഉൾപ്പെടെയുള്ള അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ, ഹൈവേ പട്രോൾ, ടോൾ മാനേജർ, പ്രോജക്ട് മാനേജർ, റസിഡന്റ് എഞ്ചിനീയർ, എൻ‌എച്ച്‌എ‌ഐ ഫീൽഡ് ഓഫീസുകൾ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ കോൺടാക്റ്റ് വിവരങ്ങളും ലഭ്യമാക്കും.

ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്‌ലറ്റുകൾ, പൊലീസ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, വർക്ക്ഷോപ്പുകൾ, ടോൾ പ്ലാസകൾ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ സമീപത്തുള്ള അടിയന്തര, യൂട്ടിലിറ്റി സേവനങ്ങളും ക്യുആർ കോഡുകൾ വഴി ലഭ്യമാക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അവശ്യ സേവനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ‌

ടോൾ പ്ലാസകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹൈവേ സ്ട്രെച്ചുകളുടെ തുടക്കത്തിലെയും അവസാനത്തെയും പോയിന്റുകൾ തുടങ്ങിയ ഹൈവേകളിലെ പ്രധാന സ്ഥലങ്ങളിലാണ് സൈൻബോർഡുകൾ സ്ഥാപിക്കുക. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് റോഡ് ഉപയോക്താക്കൾക്ക് ഹൈവേ യാത്ര കൂടുതൽ സൗകര്യപ്രദവും സുതാര്യവും ഡിജിറ്റലായി ബന്ധിപ്പിക്കുന്നതുമാക്കുന്നതിനുള്ള ദേശീയപാത അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe