കോഴിക്കോട്: ഭക്ഷ്യ വസ്തുക്കളിൽ നിരോധിച്ച കീടനാശിനികളും നിറങ്ങളും വ്യാപകമാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാമ്പിളുകളിലാണ് മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത് .
വിവിധതരം മിക്സ്ചർ, മുളകുപൊടി, കാശ്മീരി മുളകുപൊടി,മല്ലിപ്പൊടി എന്നിവയിലാണ് മാരകമായ എത്തിയോൺ, കാർബോഫ്യൂറാൻ,ക്ലോത്തിയാനിഡിൻകീടനാശിനികൾ കണ്ടെത്തിയത്. കേക്കുകളിലും ബ്രഡുകളിലും അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവുകളിലാണ് പ്രിസർവേറ്റീവുകൾ ചേർത്തിട്ടുള്ളത്.അർബുദത്തിനുപോലും കാരണമാകുന്ന രാസവസ്തുക്കൾ ബീഫ്ചില്ലി, ഉണക്കിയ പ്ലം എന്നിവയിലും ഓറഞ്ച് 2 എന്ന വസ്തു ചുവന്ന പരിപ്പ്, നാരങ്ങാ അച്ചാർ എന്നിവയിലും കണ്ടെത്തി.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയ 100ലധികംപേർക്കെതിരെ ജില്ലയിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.