റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാനിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

news image
Oct 8, 2025, 4:21 am GMT+0000 payyolionline.in

കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാൻ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

 

പാഴ്‌സൽ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികിൽ നിർത്തിയിട്ടത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം, ക‍ഴിഞ്ഞ ദിവസവും വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. പാലത്തിൻ്റെ കൈവരിയില്‍ വണ്ടിയിടിച്ച് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയത്ത് അപകടങ്ങള്‍ ഇപ്പോള്‍ പതിവാകുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe